തിങ്കളാഴ്ച ആരംഭിച്ച ദക്ഷിണ കൊറിയ – യു എസ് സംയുക്ത സെനികാഭ്യാസം അപകടകരവും പ്രകോപനപരവുമായ പ്രവർത്തി ആണെന്ന് ഉത്തര കൊറിയ. ആകസ്കമികമായ വെടിവയ്പ്പ് കായികമായ സംഘട്ടനത്തിനു കാരണമാകുമെന്നാണ് ഉത്തര കൊറിയ ചൂണ്ടിക്കാട്ടുന്നത്. വാർഷിക ഫ്രീഡം ഷീൽഡ് അഭ്യാസങ്ങൾ ഈ മാസം 20 വരെ തുടരാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ആഴ്ച ദക്ഷിണ കൊറിയൻ ജെറ്റുകൾ അബദ്ധത്തിൽ അതിർത്തിക്കടുത്തുള്ള ഒരു സിവിലിയൻ പട്ടണത്തിൽ ബോംബ് വർഷിച്ചതിനെ തുടർന്ന് താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. ഇതിൽ 29 പേർക്കെങ്കിലും പരിക്കേറ്റിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
അധിനിവേശത്തിന്റെ മുന്നോടിയായി മുദ്രകുത്തി യു എസ് – ദക്ഷിണ കൊറിയ സംയുക്ത അഭ്യാസങ്ങൾ നിർത്തിവയ്ക്കണമെന്ന് ഉത്തര കൊറിയ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉത്തര കൊറിയ പോലുള്ളവരുടെ ഭീഷണികൾക്കെതിരെ സഖ്യത്തിന്റെ സന്നദ്ധത ശക്തിപ്പെടുത്തുകയാണ് സംയുക്ത അഭ്യാസങ്ങളുടെ ലക്ഷ്യമെന്ന് ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു.
കഴിഞ്ഞ ആഴ്ച രണ്ട് ജെറ്റുകൾ അബദ്ധത്തിൽ ഗ്രാമത്തിൽ ബോംബെറിഞ്ഞ അപകടത്തിന് ദക്ഷിണ കൊറിയൻ വ്യോമസേനാ മേധാവി ലീ യങ്-സു ക്ഷമാപണം നടത്തുകയുണ്ടായി. ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതും ഇനി ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമായ അപകടമായിരുന്നു അതെന്നാണ് ലീ മാധ്യമപ്രവർത്തകരോട് ഇതേക്കുറിച്ചു പറഞ്ഞത്. ജെറ്റിലെ പൈലറ്റ് തെറ്റായ കോർഡിനേറ്റുകളെ പിന്തുർന്ന് ബോംബ് വർഷിക്കുകയായിരുന്നു എന്നാണ് സൈന്യത്തിന്റെ അന്വേഷണത്തിൽ പറയുന്നതെന്ന് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. സിയോളിൽനിന്ന് ഏകദേശം 40 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പോച്ചിയോണിൽ ആകസ്മികമായി ബോംബാക്രമണം നടന്ന പ്രദേശം.