സൗദി അറേബ്യയിൽ യു എസും യുക്രൈനും തമ്മിലുള്ള ചർച്ചകൾക്കു മുന്നോടിയായി ഭാഗിക വെടിനിർത്തലിനുള്ള സാധ്യതകൾക്ക് ഉറപ്പ് നൽകാനാകുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. എന്നാൽ, അതുമാത്രം മതിയാകുകയില്ലെങ്കിലും ഇതുപോലൊരു സംഘർഷം അവസാനിപ്പിക്കാൻ ഇത്തരത്തിലുള്ള ഇളവുകളുടെ ആവശ്യമുണ്ടെന്നും റൂബിയോ പറഞ്ഞു.
ഇന്ന് നടക്കാനിരിക്കുന്ന ചർച്ചകളിൽ റഷ്യയുമായി വ്യോമ, നാവിക വെടിനിർത്തലിന് കീവ് നിർദേശിക്കുമെന്നു പ്രതീക്ഷിക്കുന്നതായി യുക്രേനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞു. താൽക്കാലിക വെടിനിർത്തൽ എന്ന ആശയം റഷ്യ നേരത്തെ നിരസിച്ചിരുന്നു. എന്നാൽ ഇത് യുക്രൈന്റെ സൈനികതകർച്ച തടയാനുള്ള ശ്രമമാണ്.
ഇന്നലെ സൗദി കിരീടവകാശി ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്താൻ യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി സൗദിയിൽ എത്തിയിരുന്നു. ഇന്നലെ വൈകുന്നേരം നടത്തിയ വീഡിയോ പ്രസംഗത്തിൽ, ചർച്ചകളിൽ ‘പ്രായോഗികഫലം’ പ്രതീക്ഷിക്കുന്നതായി സെലെൻസ്കി പറഞ്ഞു. എന്നിരുന്നാലും യുക്രൈനും യു എസും തമ്മിലുള്ള ചർച്ചകളിൽ ഔപചാരികമായി പങ്കുചേരുമെന്നു പ്രതീക്ഷിക്കുന്നില്ല.
സെലെൻസ്കിയുടെ ഓഫീസ് മേധാവി ആൻഡ്രിയ യെർമാർക്, രാജ്യത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, നിരവധി വിദേശകാര്യ പ്രതിരോധ മന്ത്രിമാർ എന്നിവർ യുക്രേയൻ ടീമിനെ പ്രതിനിധീകരിക്കും.