മതപരിവർത്തനം നടത്തുന്നവർക്ക് വധശിക്ഷ നൽകാൻ ആലോചിക്കുന്നുവെന്ന് മധ്യപ്രദേശ് സർക്കാർ. മധ്യപ്രദേശിൽ നിർബന്ധിത മതപരിവർത്തനം നടത്തുന്നവർക്കെതിരെ വധശിക്ഷ ഉൾപ്പെടെയുള്ള കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് വെളിപ്പെടുത്തി. 72 ദശലക്ഷം ജനസംഖ്യയുള്ള മധ്യപ്രദേശിൽ നിലവിലെ മതപരിവർത്തന നിയമം 2021 മുതൽ ലംഘിക്കുന്നവർക്ക് 10 വർഷം വരെ തടവുശിക്ഷ നൽകുന്നുണ്ട്. പുതിയ നിയമം വന്നാൽ ഇത് വധശിക്ഷ വരെയാകാം എന്നും വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ക്രിസ്ത്യൻ മതവിശ്വാസികൾ 0.27 % മാത്രമാണെങ്കിലും തെറ്റായ ആരോപണങ്ങളിലൂടെ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്നു എന്ന് ക്രൈസ്തവനേതാക്കൾ പങ്കുവയ്ക്കുന്നു. ഇന്ത്യൻ ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ടെങ്കിലും, നിർബന്ധിത മതപരിവർത്തനം തടയുന്ന നിയമങ്ങൾ രാജ്യത്ത് വർധിച്ചുവരികയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ 12 എണ്ണമെങ്കിലും നിർബന്ധിത മതപരിവർത്തനം ക്രിമിനൽ കുറ്റമാക്കുന്ന നിയമങ്ങൾ പാസ്സാക്കിയിട്ടുണ്ട്.