യുക്രൈനിലെ വെടിനിർത്തൽ കരാറിനെക്കുറിച്ചു ചർച്ച ചെയ്യാൻ യു എസ് ഉദ്യോഗസ്ഥർ റഷ്യയിലേക്ക്. സൗദി അറേബ്യയിൽ അമേരിക്കൻ ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചകൾക്കുശേഷം 30 ദിവസത്തെ വെടിനിർത്തലിന് ധാരണയായിരുന്നു. അതിനുശേഷമാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ചർച്ചകൾക്കുശേഷം സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞത്, പന്ത് ഇനി റഷ്യയുടെ കോർട്ടിൽ ആണെന്നായിരുന്നു. പോരാട്ടം അവസാനിപ്പിക്കാനുള്ള ഏകമാർഗം സമാധാനചർച്ചകളാണെന്ന് യു എസ് വിശ്വസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. വെടിനിർത്തൽ നിർദേശം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപും പുടിനും തമ്മിലുള്ള ഒരു ഫോൺസംഭാഷണം സാധ്യമാണെന്നും ക്രെംലിൻ അറിയിച്ചിട്ടുണ്ട്.
സൗദിയിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം പോസിറ്റീവ് നിർദേശം അംഗീകരിക്കാൻ റഷ്യയെ ബോധ്യപ്പെടുത്തേണ്ടത് ഇനി അമേരിക്കയാണെന്ന് സെലൻസ്കി പറഞ്ഞിരുന്നു. എന്നാൽ ചർച്ചകൾക്കായി ഏതൊക്കെ ഉദ്യോഗസ്ഥരാണ് പോകുന്നതെന്ന കാര്യത്തിൽ ട്രംപ് വ്യക്തത വരുത്തിയിട്ടില്ല. എന്നിരുന്നാലും ദേശീയ സുരക്ഷാ സെക്രട്ടറി മൈക്ക് വാൾട്ട്സ് റഷ്യൻ സഹമന്ത്രിയുമായി സംസാരിച്ചതായി പ്രസ്സ് സെക്രട്ടറി കരോലിൻ ലീവിറ്റ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. സൗദിയിലെ ചർച്ചകൾക്കുശേഷം മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ചർച്ചകൾക്കായി മോസ്കോയിലേക്കു പോകുമെന്ന് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു.