വി. ഫ്രാൻസിസിന്റെ നാമം സ്വീകരിച്ചുകൊണ്ട് പത്രോസിന്റെ സിംഹാസനത്തിലേക്ക് – ആഗോള കത്തോലിക്കാ സഭയുടെ നേതൃത്വത്തിലേക്ക് ദൈവനിയോഗവും പേറി ഫ്രാൻസിസ് പാപ്പ എത്തിയിട്ട് 12 വർഷങ്ങൾ പൂർത്തിയാകുന്നു. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട നിമിഷം മുതൽ ഇന്നോളം, ലോകത്തിൽ ഒരു ആത്മീയനേതാവ് എന്ന നിലയിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഫെബ്രുവരി 14 മുതൽ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പാപ്പയുടെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടുവരികയാണ്. വത്തിക്കാനിൽ കൂരിയാ അംഗങ്ങൾക്കായി നടന്നുവരുന്ന ധ്യാനത്തിൽ ഓൺലൈനായി പാപ്പ സംബന്ധിച്ചു. കൂടാതെ, മുറിയിലും ചാപ്പലിലുമായി പ്രാർഥനയിൽ കൂടുതൽ സമയം ചിലവഴിക്കുകയും ചെയ്തു.
ഡോക്ടർമാരുടെ നിർദേശപ്രകാരമുള്ള ചികിത്സകൾ പാപ്പയ്ക്ക് നൽകിവരികയാണെന്നും കഴിഞ്ഞ ദിവസം പകലും പാപ്പയ്ക്ക് ഉയർന്ന തോതിൽ ഓക്സിജൻ നൽകിയെന്നും ആശുപത്രിവൃത്തങ്ങളെ അധികരിച്ച് പ്രസ്സ് ഓഫീസ് വിശദീകരിച്ചു. ആരോഗ്യസ്ഥിതിയിൽ ചെറിയ മാറ്റങ്ങളുണ്ടെങ്കിലും പാപ്പയുടെ രോഗബാധ സങ്കീർണ്ണവസ്ഥയിൽനിന്ന് പൂർണ്ണമായും മാറിയിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.
മെയ് മാസത്തിൽ നിഖ്യാ കൗൺസിലിന്റെ 1700-ാം വാർഷികത്തിനായി ഫ്രാൻസിസ് പാപ്പ തുർക്കി സന്ദർശിക്കാൻ പദ്ധതിയിടുന്നതായി സ്ഥിരീകരിച്ചതായി അവകാശപ്പെടുന്ന എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമന്റെ പ്രസ്താവന ഹോളി സീ പ്രസ് ഓഫീസ് നിഷേധിച്ചു.