Saturday, March 15, 2025

ഉപാധികളോടെ വെടിനിർത്തൽ കരാർ അം​ഗീകരിച്ച് പുടിൻ

യുക്രൈനിൽ വെടിനിർത്തൽ കരാർ അം​ഗീകരിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. യു എസ് മുന്നോട്ടുവച്ച ആശയങ്ങൾ അം​ഗീകരിച്ചുകൊണ്ടായിരുന്നു പുടിൻ കരാർ അം​ഗീകരിച്ചത്. യു എസുമായുള്ള ചർച്ചകൾക്കുശേഷം ഈ ആഴ്ച ആദ്യം യുക്രൈൻ സമ്മതിച്ച, 30 ദിവസത്തെ വെടിനിർത്തലിനുള്ള പദ്ധതിയോട് പ്രതികരിക്കുകയായിരുന്നു റഷ്യൻ പ്രസിഡന്റ്. എന്നാൽ ചില വ്യവസ്ഥകൾ മുന്നോട്ടുവച്ചാണ് പുടിൻ വെടിനിർത്തൽ കരാ‍ർ അം​ഗീകരിച്ചത്.

“30 ദിവസത്തെ വെടിനിർത്തൽ എന്ന ആശയം വളരെ ശരിയാണ്. ഞങ്ങൾ അതിനെ പിന്തുണയ്ക്കുന്നു. പക്ഷേ, ഈ സമയം ചില ചോ​ദ്യങ്ങളുണ്ട്. ഒരു വെടിനിർത്തൽ ശാശ്വതസമാധാനത്തിലേക്കു നയിക്കുകയും ഈ പ്രതിസന്ധിയുടെ മൂലകാരണങ്ങൾ ഇല്ലാതാക്കുകയും വേണം. 30 ദിവസത്തെ വെടിനിർത്തൽ കൈവരിക്കുന്നത് യുക്രൈന്റെ പക്ഷത്തിനു നല്ലതായിരിക്കും. എന്നാൽ, ആ 30 ദിവസങ്ങൾ എങ്ങനെ അവർ ഉപയോ​ഗിക്കും എന്നുകൂടി അറിയണം. യുക്രൈന് അണിനിരക്കാനാണോ, പുനഃസജ്ജമാക്കാനാണോ, സൈന്യത്തെ പരിശീലിപ്പിക്കാനാണോ എന്നുകൂടി വ്യക്തമാക്കണം” എന്നാണ് പുടിൻ പറഞ്ഞത്.

ഇതേക്കുറിച്ച് അമേരിക്കൻ സഹപ്രവർത്തകരുമായും പങ്കാളികളുമായും ചർച്ച നടത്തേണ്ടതുണ്ടെന്നും ട്രംപുമായി ഒരു ഫോൺസംഭാഷണം ഉണ്ടാകുമെന്നും പുടിൻ പറയുന്നു. തർക്കമുള്ള മേഖലകളിലൊന്ന് റഷ്യയുടെ കുർസ്ക് മേഖലയാണ്. അവിടെ കഴിഞ്ഞ വർഷം യുക്രൈൻസൈന്യം കടന്നുകയറ്റം നടത്തുകയും ചില പ്രദേശങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് അത് പൂർണ്ണമായും റഷ്യയുടെ നിയന്ത്രണത്തിലേക്കു തിരികെവന്നു. കുർസ്കിലെ യുക്രേനിയക്കാർക്ക് രണ്ടുവഴികളാണുള്ളത്; ഒന്നുകിൽ കീഴടങ്ങുക അല്ലെങ്കിൽ മരിക്കുക. ഈ മേഖലയെക്കുറിച്ചുള്ള കരാറിലെ തീരുമാനം എന്താണെന്ന് അറിയണമെന്നും പുടിൻ പറയുന്നു.

എന്നാൽ പുടിൻ വെടിനിർത്തൽ അം​ഗീകരിച്ചുകൊണ്ടു നടത്തിയ ഉപാധികളോട് സെലൻസ്കി പ്രതികരിച്ചു. ‘പുടിൻ നേരിട്ട് വേണ്ട എന്നു പറയുന്നില്ല. പ്രായോഗികമായി അദ്ദേഹം ഒരു നിരസിക്കൽ തയ്യാറാക്കുകയാണ്. യുദ്ധം തുടരാനും യുക്രൈൻജനതയെ കൊല്ലാനും ആഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് ട്രംപിനോട് നേരിട്ടുപറയാൻ പുടിന് തീർച്ചയായും ഭയമാണ്. ഒന്നും നടക്കില്ല എന്നുപറയാൻ റഷ്യൻ നേതാവ് നിരവധി മുൻവ്യവസ്ഥകൾ വച്ചിരിക്കുന്നു” – എന്നാണ് സെലൻസ്‌കി പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News