അഞ്ചുവർഷത്തെ പരിവർത്തനത്തിനായി താൽക്കാലിക ഭരണഘടനയിൽ ഒപ്പുവച്ച് സിറിയയുടെ പ്രസിഡന്റ് അഹമ്മദ് അൽ-ഷറാ. അഞ്ചുവർഷത്തേക്ക് രാജ്യത്തെ ഒരു ഇസ്ലാമിക ഗ്രൂപ്പിന്റെ ഭരണത്തിൻകീഴിലാക്കുന്ന ഭരണഘടനയിലാണ് ഷറാ ഒപ്പുവച്ചത്. ബഷാർ അൽ-അസദിനെ അട്ടിമറിച്ച വിമത ആക്രമണത്തിന് നേതൃത്വം നൽകിയതിന് മൂന്നുമാസത്തിനു ശേഷമാണ് ഷറായുടെ പുതിയ നീക്കം.
രാഷ്ട്രത്തലവൻ ഒരു മുസ്ലീമായിരിക്കണമെന്ന നിബന്ധനയും നിയമശാസ്ത്രത്തിന്റെ പ്രധാന ഉറവിടമായി ഇസ്ലാമികനിയമം സ്ഥാപിക്കലും ഉൾപ്പെടെ മുൻഗാമിയുടെ ചില വശങ്ങൾ താൽകാലിക ഭരണഘടന നിലനിർത്തുന്നുണ്ട്. അധികാര വിഭജനവും ജുഡീഷ്യൽ സ്വാതന്ത്ര്യവും ഇത് ഉൾക്കൊള്ളുന്നു. കൂടാതെ, സ്ത്രീകളുടെ അവകാശങ്ങൾ, ആവിഷ്കാര സ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം എന്നിവയും ഉറപ്പുനൽകുന്നുണ്ട്.
“സിറിയയ്ക്ക് ഇതൊരു പുതിയ ചരിത്രമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായും ഇവിടെ നമ്മൾ അടിച്ചമർത്തലിനെ നീതികൊണ്ട് മാറ്റിസ്ഥാപിക്കുന്നു” എന്നും ഷറാ പറഞ്ഞു. നിയമവാഴ്ച പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കത്തെ സ്വാഗതം ചെയ്യുന്നു എന്ന് ഇതിനെ ഉദ്ധരിച്ചുകൊണ്ട് യു എൻ പ്രത്യേക പ്രതിനിധി ഗീർ പെഡേർസൺ പറഞ്ഞു. ഈ വികസനം നിയമപരമായ ശൂന്യത നികത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ വടക്കുകിഴക്കൻ സിറിയയിലെ കുർദിഷ് നേതൃത്വത്തിലുള്ള ഭരണകൂടം ഈ ഭരണഘടനാ പ്രഖ്യാപനത്തെ വിമർശിച്ചു. സിറിയയുടെ യാഥാർഥ്യത്തിനും അതിന്റെ വൈവിധ്യത്തിനും വിരുദ്ധമാണ് ഇതെന്നാണ് അവർ അഭിപ്രായപ്പെട്ടത്.