Friday, March 14, 2025

വൃക്കരോഗിക്ക് പന്നിയുടെ വൃക്ക മാറ്റിവച്ചു: ശസ്ത്രക്രിയ വിജയകരം

മൾട്ടി-ജീൻ എഡിറ്റ് ചെയ്‌ത പന്നിയുടെ വൃക്ക, വൃക്കരോ​ഗിയായ മനുഷ്യനിലേക്ക് മാറ്റിവച്ചു. ചൈനയിലെ സിജിംഗ് ആശുപത്രിയിലെ ഡോക്ടർമാരാണ് വളരെ നിർണ്ണായകമായ ഈ ശസ്ത്രക്രിയയ്ക്കു പിന്നിൽ. സെനോട്രാൻസ്പ്ലാന്റേഷനിൽ തന്നെ ഒരു സുപ്രധാന നാഴികക്കല്ലാവുകയാണ് ഈ സംഭവം. ഒരു ജീവിയുടെ ഡി എൻ എ യിലെ ഒന്നിലധികം ജീനുകളുടെ ഒരേസമയം മാറ്റം ചെയ്യപ്പെടുന്ന രീതിയാണ് മൾട്ടി ജീൻ എഡിറ്റിം​ഗ്.

ആശുപത്രിയുടെ യൂറോളജി വിഭാഗം ഡയറക്ടർ ക്വിൻ വെയ്ജുന്റെ നേതൃത്വത്തിലുള്ള ഒരു മൾട്ടി ഡിസിപ്ലിനറി സംഘം മാർച്ച് ആറിനായിരുന്നു ഓപ്പറേഷൻ നടത്തിയത്. ഓപ്പറേഷനുശേഷം ശരീരത്തിലെ ബ്ലഡ് സർക്കുലേഷൻ പുനഃസ്ഥാപിച്ചപ്പോൾ വൃക്ക ആരോ​ഗ്യകരമായി പ്രവർത്തിക്കുകയും മൂത്രം യഥാക്രമം പുറത്തുവരാൻ തുടങ്ങുകയും ചെയ്തെന്ന് മെഡിക്കൽസംഘം അറിയിച്ചു. ആറു ദിവസത്തിനുശേഷം മാറ്റിവയ്ക്കപ്പെട്ട വൃക്കയുടെ പ്രവർത്തനം മികച്ച രീതിയിൽ നടക്കുന്നുണ്ടെന്നും രോ​ഗിയുടെ സെറം ക്രിയാറ്റിനിൻ അളവ് സാധാരണ നിലയിലായി എന്നുമാണ് ലഭിക്കുന്ന വിവരം.

ലോകത്തിലെ അഞ്ചാമത്തെയും ഏഷ്യയിലെ ആദ്യത്തെതുമായ ശസ്ത്രക്രിയയാണിത്. സിചുവാൻ പ്രവിശ്യയിലെ ചെങ്ഡുവിലുള്ള ക്ലോണോർഗൻ ബയോടെക്നോളജി കമ്പനിയിൽനിന്നു കൊണ്ടുവന്ന വൃക്ക, കൃത്യമായ ശസ്ത്രക്രിയാ ക്രമീകരണങ്ങൾക്കു ശേഷമാണ് മാറ്റിവച്ചത്.

മനുഷ്യാവയവ ദാതാക്കളുടെ കുറവ് നികത്താൻ സെനോട്രാൻസ്പ്ലാന്റേഷൻ സഹായിക്കും. അവയവം ആവശ്യമുള്ള രോഗികൾക്ക് സമയബന്ധിതമായ പരിഹാരങ്ങൾ ഇതിലൂടെ ലഭ്യമാകും. ചൈനയിൽ ഏകദേശം 130 ദശലക്ഷം ആളുകൾക്ക് വിട്ടുമാറാത്ത വൃക്കരോഗമുണ്ട്. പലരും വൃക്ക മാറ്റിവയ്ക്കേണ്ട അവസ്ഥയിലേക്ക് എത്തപ്പെടുന്നു. എന്നാൽ അവയവങ്ങളുടെ കുറവ് വൃക്ക മാറ്റിവയ്ക്കുന്നതിന്റെ കാലയളവ് കൂട്ടുകയും രോ​ഗിയുടെ അവസ്ഥ വഷളാക്കുകയും ചെയ്യുന്നു. ഈ മുന്നേറ്റം രോഗികൾക്ക് പുതിയ ക്ലിനിക്കൽ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുകയും സെനോട്രാൻസ്പ്ലാന്റേഷന്റെ സാധ്യതയെ സാധൂകരിക്കുകയും ചെയ്യുന്നു. കൂടുതൽ ഗവേഷണങ്ങളിലൂടെ, ആഗോളതലത്തിൽ അവയവക്ഷാമം പരിഹരിക്കാൻ ഇത് സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News