ഉദ്ധാരണക്കുറവ് ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്ന് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിംഗപ്പൂരിൽ മലേഷ്യൻ നിർമ്മിത കാപ്പി നിരോധിച്ചു. പ്രാദേശിക ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വിൽക്കപ്പെടുന്ന ‘കോപി പെനംബുക്’ ഇൻസ്റ്റന്റ് കോഫി മിശ്രിതത്തിലാണ് ഉദ്ധാരണക്കുറവ് ചികിത്സയ്ക്കുള്ള മരുന്ന് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. പുരുഷ ലൈംഗികപ്രകടനം വർധിപ്പിക്കുന്നതിനുവേണ്ടിയുള്ള ‘ടഡലഫിൽ’ എന്ന മരുന്ന് ഇതിൽ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
ഈ ഉൽപന്നത്തിന്റെ പരസ്യങ്ങൾ നീക്കം ചെയ്യാൻ എസ് എഫ് എ വിവിധ ഓൺലൈൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോട് നിർദേശിച്ചിട്ടുണ്ട്. പുരുഷ ലൈംഗികപ്രകടനം വർധിപ്പിക്കുന്ന ഈ ഉൽപന്നമടങ്ങിയ കോഫി, ഓൺലൈനിൽ പരസ്യം ചെയ്തോ, ഉപഭോക്താക്കൾ വാങ്ങുകയോ, ഉപയോഗിക്കുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഏജൻസി അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ മുന്നറിയിപ്പ് നൽകി.
ടഡലഫിൽ അനാവശ്യമായി ഉപയോഗിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം, തലവേദന, മൈഗ്രെയ്ൻ, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി. ഹൃദ്രോഗസംബന്ധമായ മരുന്ന് കഴിക്കുന്ന വ്യക്തികൾക്ക് ഇത് ഏറെ അപകടകരമാണ്. സിംഗപ്പൂരിന്റെ ഭക്ഷ്യവിൽപന നിയമത്തിലെ സെക്ഷൻ 15 പ്രകാരം, സുരക്ഷിതമല്ലാത്ത ഭക്ഷണം വിൽക്കുന്നത് നിരോധിച്ചിട്ടുണ്ട്. കുറ്റവാളികൾക്ക് പിഴയോ, മൂന്നുമാസം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.