Thursday, May 15, 2025

വത്തിക്കാൻ മധ്യസ്ഥതയിലുള്ള കരാർപ്രകാരം നൂറുകണക്കിനു തടവുകാരെ വിട്ടയച്ച് ക്യൂബ

അമേരിക്കയുമായുള്ള കരാർ തകർന്നിട്ടും ക്യൂബ, 553 തടവുകാരെ മോചിപ്പിച്ചതായി വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. ജനുവരിയിൽ, കത്തോലിക്കാ സഭയുടെ മധ്യസ്ഥതയിൽ നൂറുകണക്കിന് തടവുകാരെ മോചിപ്പിച്ചതിനു പകരമായി, തീവ്രവാദത്തെ സ്പോൺസർ ചെയ്യുന്നവരുടെ യു എസ് പട്ടികയിൽ നിന്ന് ക്യൂബയെ നീക്കം ചെയ്യാൻ മുൻ യു എസ് പ്രസിഡന്റ് ജോ ബൈഡൻ സമ്മതിച്ചിരുന്നു.

2021 ൽ ജയിലിലടച്ച സർക്കാർവിരുദ്ധ പ്രതിഷേധക്കാരെ മോചിപ്പിക്കാൻ ക്യൂബയോട് ആവശ്യപ്പെട്ട് യു എസ്, യൂറോപ്യൻ യൂണിയൻ, കത്തോലിക്കാ സഭ, മനുഷ്യാവകാശ സംഘടനകൾ എന്നിവിടങ്ങളിൽ നിന്നും വർഷങ്ങളായുണ്ടായ സമ്മർദത്തെത്തുടർന്നാണ് ഈ കരാർ ഉണ്ടാക്കിയത്. രാഷ്ട്രീയതടവുകാരെ മോചിപ്പിക്കാൻ ബൈഡൻ ഭരണകൂടം തുടക്കത്തിൽ ക്യൂബയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വിവിധ കുറ്റകൃത്യങ്ങൾക്കു ശിക്ഷിക്കപ്പെട്ട 553 പേരെ മോചിപ്പിക്കാൻ ക്യൂബ സമ്മതിച്ചിരുന്നില്ല.

“വത്തിക്കാനുമായുള്ള സുഗമമായ ബന്ധത്തിന്റെ ഭാഗമായി, 2025 ജൂബിലിവർഷത്തോട് അനുബന്ധിച്ച് തടവുകാരെ മോചിപ്പിക്കാനുള്ള തീരുമാനം ഞാൻ ഫ്രാൻസിസ് മാർപാപ്പയെ അറിയിച്ചു” – ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ പറഞ്ഞു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥാനാരോഹണം ചെയ്ത് ദിവസങ്ങൾക്കുശേഷം പുതിയ ഭരണകൂടം കരാർ റദ്ദാക്കി. ഭരണകൂടത്തിന്റെ തിരിച്ചടികൾക്കിടയിലും ക്യൂബ ഇടയ്ക്കിടെ തടവുകാരെ മോചിപ്പിച്ചുകൊണ്ടിരുന്നു.

ക്യൂബയുടെ പരമോന്നത കോടതിയുടെ വൈസ് പ്രസിഡന്റ് മാരിസെല്ല സോസ റാവെലോ മാർച്ച് പത്തിന് സ്റ്റേറ്റ് ടെലിവിഷനിൽ പൂർണ്ണമോചനം പൂർത്തിയായതായി പ്രഖ്യാപിച്ചതായി വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

Latest News