കഴിഞ്ഞ ഒൻപതു മാസക്കാലമായി ബഹിരാകാശത്തു കഴിയുന്ന ബഹിരാകാശ യാത്രികരായ ബുച്ച് വിൽമോറും സുനിത വില്യംസും തിരികെ ഭൂമിയിലേക്ക്. ഇവരെ ഭൂമിയിലേക്കു കൊണ്ടുവരാനുള്ള പദ്ധതിയുടെ ഭാഗമായി സ്‌പേസ് എക്‌സ് റോക്കറ്റ് വിക്ഷേപിച്ചു. എട്ടുദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്തേക്കു പോയവർ അവിടെ കഴിയാൻതുടങ്ങിയിട്ട് ഇപ്പോൾ ഒൻപതു മാസമാകുന്നു. ബഹിരാകാശ പേടകത്തിലെ സാങ്കേതികപ്രശ്‌നങ്ങൾ കാരണം അവരുടെ മടക്കയാത്ര സാധിക്കാതെ വരികയായിരുന്നു.
ഇരുവരെയും തിരികെയെത്തിക്കാൻ പോയിരിക്കുന്ന സംഘത്തിന്റെ മടക്കം രണ്ടുദിവസത്തിനകം ഉണ്ടാകും. ഇരുവരുടെയും മടങ്ങിവരവിൽ സന്തോഷമുണ്ടെന്ന് നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമിന്റെ മാനേജർ സ്റ്റീവ് സ്റ്റിച്ച് അറിയിച്ചു. “ബുച്ചും സുനിതയും മികച്ച ജോലി ചെയ്തു. അവരെ തിരികെ കൊണ്ടുവരുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്” – അദ്ദേഹം പറഞ്ഞു.
നാസയുടെ ബഹിരാകാശ യാത്രികരായ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാപ്പനീസ് ബഹിരാകാശ ഏജൻസി ബഹിരാകാശ യാത്രികൻ തകുയ ഒനിഷി, റോസ്‌കോസ്‌മോസ് ബഹിരാകാശ യാത്രികൻ കിറിൽ പെസ്‌കോവ് എന്നിവർ ക്രൂ-10 ബഹിരാകാശ ദൗത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. തിരിച്ചുവരവിന് കാലാവസ്ഥ അനുകൂലമാകുമെന്നു പ്രതീക്ഷിക്കുന്നതായി ഐ എസ് എസ് പ്രോഗ്രാമിന്റെ മാനേജർ ഡാന വീഗൽ പറയുന്നു.