Saturday, March 15, 2025

കുർസ്കിലുള്ള യുക്രേനിയൻ സൈന്യം കീഴടങ്ങിയാൽ വെറുതെ വിടാം: ട്രംപിന്റെ അഭ്യർഥനയ്ക്ക് പുടിന്റെ മറുപടി

കുർസ്ക് മേഖലയിൽ യുക്രേനിയൻ സൈനികർ കീഴടങ്ങിയാൽ അവരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ട്രംപിന് പുടിന്റെ മറുപടി. കുർസ്ക് മേലയിൽ റഷ്യൻ സൈന്യം വളഞ്ഞിരിക്കുന്ന യുക്രേനിയൻ സൈന്യത്തെ രക്ഷിക്കണമെന്ന് ട്രംപ് പുടിനോട് അഭ്യർഥിച്ചിരുന്നു. അവിടെ ഭയാനകമായ ഒരു കൂട്ടക്കൊല ഒഴിവാക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. ഇതിനു മറുപടിയായാണ് പുടിൻ ഇങ്ങനെ പറഞ്ഞത്.

പൂർണ്ണമായും വലയം ചെയ്യപ്പെട്ടതും ദുർബലരുമായ ആയിരക്കണക്കിന് യുക്രേനിക്കാരുടെ ജീവൻ രക്ഷിക്കാൻ റഷ്യൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടതായി ട്രംപ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞിരുന്നു. “അവരുടെ ജീവൻ രക്ഷിക്കണമെന്ന് ഞാൻ പുടിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ഇത് ഭയാനകമായ ഒരു കൂട്ടക്കൊലയായിരിക്കും; രണ്ടാം ലോക മഹായുദ്ധത്തിനുശേഷം കണ്ടിട്ടില്ലാത്ത ഒന്നായിരിക്കും” എന്നാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പേജായ ട്രൂത്തിൽ പറഞ്ഞത്.

“യുക്രേനിയൻ സൈന്യം ആയുധം താഴെ വച്ചു കീഴടങ്ങുകയാണെങ്കിൽ അന്താരാഷ്ട്ര നിയമത്തിനും റഷ്യൻ ഫെഡറേഷന്റെ നിയമങ്ങൾക്കും അനുസൃതമായി അവർക്ക് ജീവനും മാന്യമായ പെരുമാറ്റവും ഉറപ്പുനൽകുമെന്ന് ഞാൻ ഊന്നിപ്പറയുന്നു” എന്നാണ് പുടിൻ ഇതിന് മറുപടി പറഞ്ഞത്. പെട്ടെന്നുള്ള ആക്രമണത്തിൽ യുക്രൈൻ പിടിച്ചെടുത്ത മേഖലയാണ് കുർസ്ക്. കഴിഞ്ഞ ഓഗസ്റ്റിലാണ് യുക്രൈൻ സൈന്യം റഷ്യൻ അതിർത്തിയിലേക്കു കടന്നുകയറി അതിർത്തിപ്രദേശമായ കുർസ്ക് കൈയടക്കിയത്. എന്നാൽ തങ്ങളുടെ ആളുകൾ കുർസ്ക് വളഞ്ഞിട്ടില്ലെന്നും ഇത് റഷ്യ കെട്ടിച്ചമച്ചതാണെന്നും സെലെൻസ്കി പറയുകയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News