Saturday, March 15, 2025

ഹിജാബ് ധരിക്കാത്ത സ്ത്രീകളെ പിടികൂടാൻ ഇറാൻ ഡ്രോണുകളും ആപ്പുകളും ഉപയോഗിക്കുന്നു: യു എൻ റിപ്പോർട്ട്

ഹിജാബ് ധരിക്കാത്ത സ്ത്രീകളെ കണ്ടെത്താൻ ഇറാൻ ഡ്രോണുകളും ആപ്പുകളും ഉപയോ​ഗിക്കുന്നുണ്ടെന്ന് യു എൻ റിപ്പോർട്ട് ചെയ്യുന്നു. സ്ത്രീകൾക്ക് നിർബന്ധിത ഹിജാബ് നിയമങ്ങൾ നടപ്പിലാക്കിയത് അവർ പാലിക്കുന്നുണ്ടോ എന്നറിയാൻ ഇവിടെ ഡ്രോണുകളും, മുഖം തിരിച്ചറിയാൻ സംവിധാനങ്ങളും, സിറ്റിസൺ റിപ്പോർട്ടിങ് ആപ്പുകളും ഉപയോ​ഗിക്കുന്നുണ്ടെന്നാണ് യു എൻ റിപ്പോർട്ട് ചെയ്യുന്നത്.

നിർബന്ധിത വസ്ത്രധാരണരീതി ലംഘിക്കുന്ന സ്ത്രീകളെ നിരീക്ഷിക്കാനും ശിക്ഷിക്കാനും ഇറാൻ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് വർധിച്ചുവരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ‘നസർ’ മൊബൈൽ ആപ്ലിക്കേഷൻവഴി പൗരന്മാർക്കും പൊലീസിനും സ്ത്രീകളുടെ വിവരങ്ങൾ ശേഖരിക്കാനും ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും സാധിക്കുന്നു എന്നാണ് യു എൻ പറയുന്നത്. ഹിജാബ് ധരിക്കാത്ത സ്ത്രീകൾ സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വരെ ലഭിക്കുന്ന വിധത്തിൽ, സ്ഥലവും സമയവും ലഭ്യമാകുന്ന രീതിയിൽ ചിത്രമടങ്ങുന്ന വിവരം പൊലീസിനോ, ബന്ധപ്പെട്ട അധികാരികൾക്കോ കൈമാറാൻ കഴിയും. വിവരം ലഭിച്ചയുടൻ ഏതു വാഹനത്തിലാണോ സ്ത്രീകൾ സഞ്ചരിക്കുന്നത് ആ വാഹനത്തിന്റെ ഉടമയ്ക്ക് ഒരു മെസേജ് ലഭിക്കും. ഇതൊരു മുന്നറിയിപ്പ് മെസേജ് ആയിരിക്കും. ഇത് ലംഘിച്ചാൽ വണ്ടി കണ്ടുകെട്ടുന്ന തരത്തിലുള്ള നടപടികളിലേക്കു കടക്കും എന്നായിരിക്കും സന്ദേശത്തിൽ പറയുക.

സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യമിട്ടു നടത്തുന്ന പ്രവർത്തികളിലൂടെ ഇറാൻ വ്യവസ്ഥാപിതമായ മനുഷ്യാവകാശ ലംഘനങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും നടത്തുന്നുണ്ടെന്നാണ് യു എന്നിന്റെ രണ്ടുവർഷത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. തലസ്ഥാനമായ ടെഹ്‌റാനിലും തെക്കൻ ഇറാനിലും പൊതുവിടങ്ങളിൽ ഇത്തരത്തിൽ നിരീക്ഷണം നടത്തിയിട്ടുണ്ട്. 2024 ന്റെ തുടക്കത്തിൽ ടെഹ്‌റാനിലെ അമീർകബീർ സർവകലാശാലയുടെ പ്രവേശനകവാടത്തിൽ, വനിതാ വിദ്യാർഥികളെ നിരീക്ഷിക്കാൻ പ്രത്യേകം ‍ഡ്രോണുകൾ ഉപയോ​ഗിച്ചിരുന്നു. മുഖം വ്യക്തമാകുന്നതിന് മുഖം തിരിച്ചറിയൽ സോഫ്റ്റ്‌വെയറും ഉപയോ​ഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് യു എൻ പറയുന്നു. നിർബന്ധിത ഹിജാബ് നിയമങ്ങൾ ലംഘിച്ചുവെന്നു കണ്ടെത്തിയാൽ നിയമം പാലിക്കാത്തതിന് 10 വർഷം വരെ തടവും 12,000 ഡോളറിനു തുല്യമായ പിഴയുമാണ്  ലഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News