ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൺ സുക് യോളിനെ പിന്തുണയ്ക്കുന്നവരും എതിർക്കുന്നവരും ഇന്നലെ സിയോളിൽ അണിനിരന്നു. യൂണിനെ പിന്തുണയ്ക്കുന്ന നിരവധി യൂൺ അനുകൂലികൾ ദക്ഷിണ കൊറിയൻ, യു എസ് ദേശീയപതാകകൾ വീശിക്കൊണ്ട് പിന്തുണ അറിയിച്ചു. അതേസമയം യൂൺവിരുദ്ധ പ്രതിഷേധക്കാർ ഗ്വാങ്‌വാമുനു മുന്നിൽ തടിച്ചുകൂടി “യൂൺ സുക് യോളിനെ ഇംപീച്ച് ചെയ്യുക” അല്ലെങ്കിൽ “യൂൺ സുക് യോളിനെ പുറത്താക്കുക” തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി.
ഹ്രസ്വകാല സൈനികനിയമ ഉത്തരവിന്റെപേരിൽ പാർലമെന്റ് യൂണിനെ ഇംപീച്ച് ചെയ്ത് അധികാരത്തിൽനിന്നു സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ദക്ഷിണ കൊറിയയിലെ പതിറ്റാണ്ടുകളിലെ ഏറ്റവും മോശമായ രാഷ്ട്രീയപ്രതിസന്ധിക്കു തിരികൊളുത്തുകയും വിപണികളെ ഇളക്കിമറിക്കുകയും ചെയ്ത കേസിൽ യൂണിനെ പുറത്താക്കണോ വേണ്ടയോ എന്ന് ഭരണഘടനാ കോടതി വരുംദിവസങ്ങളിൽ തീരുമാനിക്കും.
യൂൺവിരുദ്ധ റാലിയിൽ പത്തുലക്ഷം പേർ പങ്കെടുത്തതായി പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി പറഞ്ഞു. എന്നാൽ ഓരോ പ്രകടനത്തിലും 43,000 പേർ പങ്കെടുത്തതായാണ് പൊലീസ് പറയുന്നത്.