യമനിലെ ഹൂതികൾക്കെതിരെ യു എസ് നിർണ്ണായകവും ശക്തവുമായ വ്യോമാക്രമണം ആരംഭിച്ചെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചെങ്കടലിലെ കപ്പലുകൾക്കുനേരെ സായുധസംഘം നടത്തിയ ആക്രമണങ്ങളാണ് ഇതിനു കാരണമെന്ന് ട്രംപ് പറഞ്ഞു. ട്രംപ് തന്റെ സോഷ്യൽ മീഡിയ പേജായ ട്രൂത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
“ഇറാന്റെ സഹായത്തോടെ ഹൂതി ഗുണ്ടകൾ യു എസ് വിമാനങ്ങൾക്കുനേരെ മിസൈലുകൾ തൊടുക്കുകയും നമ്മുടെ സൈനികരെയും സഖ്യകക്ഷികളെയും ലക്ഷ്യം വയ്ക്കുകയും ചെയ്തു. അവരുടെ അക്രമം കോടിക്കണക്കിനു ഡോളറിന്റെ നാശനഷ്ടമുണ്ടാക്കുകയും അനേകരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്തു” എന്നാണ് ട്രംപ് ട്രൂത്തിൽ എഴുതിയത്.
ആക്രമണങ്ങളിൽ കുറഞ്ഞത് 15 പേർ കൊല്ലപ്പെടുകയും ഒൻപതു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹൂതികളുടെ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗാസയിലെ ഇസ്രായേൽ-ഹമാസ് യുദ്ധത്തിനു മറുപടിയായി കപ്പൽ ഗതാഗതം ലക്ഷ്യമിട്ടു തുടങ്ങിയ സംഘം, യു എസ് ആക്രമണങ്ങൾക്ക് തങ്ങളുടെ സൈന്യം മറുപടി നൽകുമെന്നു പറഞ്ഞു. സൗദി അറേബ്യയുടെ അതിർത്തിയിലുള്ള വിമതരുടെ ശക്തികേന്ദ്രമായ സനയിലും വടക്കൻ പ്രവിശ്യയായ സാദയിലും ശനിയാഴ്ച വൈകുന്നേരം തുടർച്ചയായ സ്ഫോടനങ്ങൾ നടന്നതായി ഹൂതികൾ പറയുന്നു.