ഗാസ വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായി ഒരു ഇസ്രായേലി-യു എസ് ബന്ദിയെ മോചിപ്പിക്കാനും മറ്റ് നാലുപേരുടെ മൃതദേഹങ്ങൾ തിരികെ നൽകാനും വാഗ്ദാനം ചെയ്തതിനുശേഷം, ‘പന്ത് ഇസ്രായേലിന്റെ കോർട്ടിലാണ്’ എന്നുപറഞ്ഞ് ഹമാസ്. വെള്ളിയാഴ്ചത്തെ വാഗ്ദാനത്തിനുശേഷം, യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റിലെ ദൂതന്റെ നിർദേശത്തിനുശേഷം പലസ്തീൻ തീവ്രവാദികളുടെ ഭാഗത്തുനിന്നും പ്രതികരണമുണ്ടായിട്ടില്ലെന്ന് ഇസ്രായേൽ പറഞ്ഞു.
ജനുവരിയിൽ ആരംഭിച്ച വെടിനിർത്തലിന്റെ ആദ്യഘട്ടം മാർച്ച് ഒന്നിന് അവസാനിച്ചു. അടുത്ത ഘട്ടങ്ങളെക്കുറിച്ച് ധാരണയിലെത്താതെയാണ് ആദ്യഘട്ടം അവസാനിക്കുന്നത്. രണ്ടാം ഘട്ടത്തെക്കുറിച്ച് ദോഹയിൽ ചർച്ചകൾ ആരംഭിച്ചതായി ഒരു ഹമാസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “പന്ത് ഇസ്രായേലിന്റെ കോർട്ടിലാണ്” എന്നാണ് ഹമാസ് വക്താവ് പറഞ്ഞത്.
2023 ഒക്ടോബർ ഏഴിന് ഹമാസിന്റെ ആക്രമണത്തിനിടെ തട്ടിക്കൊണ്ടുപോയ 21 കാരനായ സൈനികൻ എഡാൻ അലക്സാണ്ടറിനെ മോചിപ്പിക്കാനും മറ്റ് നാല് ഇസ്രായേലി-അമേരിക്കൻ ബന്ദികളുടെ മൃതദേഹങ്ങൾ തിരികെ നൽകാനുമുള്ള നിർദേശം കരാറിന്റെ ഭാഗമാണെന്ന് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം പറയുന്നു.