യു എസിന്റെ മിഡ് വെസ്റ്റിലും സൗത്തിലും വീശിയടിച്ച ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 40 ആയതായി റിപ്പോർട്ട്. വെള്ളിയാഴ്ച മുതൽ വീശിയടിച്ച ചുഴലിക്കാറ്റിന്റെ ആഘാതം മിസോറിയിലായിരുന്നു. കുറഞ്ഞത് 12 പേരെങ്കിലും മരിച്ചതായാണ് പുറത്തുവരുന്ന വിവരം. ടെക്സാസിലും കൻസാസിലും ശക്തമായ പൊടിക്കാറ്റും ഉണ്ടായി. ഇത് വാഹനങ്ങളെ മൂടുകയും അതിനെത്തുടർന്നുണ്ടായ അപകടങ്ങളിൽ നിരവധി പേർ മരിക്കുകയും ചെയ്തു.
100 ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന ഒക്ലഹോമയിലെ ഒരു പ്രദേശത്തു മുഴുവൻ അതിശക്തമായ കാട്ടുതീ ഉണ്ടായി. അർക്കൻസാസ്, അലബാമ, മിസിസിപ്പി എന്നിവിടങ്ങളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ടെക്സസ്, ലൂസിയാന, അലബാമ, അർക്കൻസാസ്, ടെന്നസി, മിസിസിപ്പി, ജോർജിയ, കെന്റക്കി, നോർത്ത് കരോലിന എന്നിവയുടെ ചില ഭാഗങ്ങൾ വെള്ളപ്പൊക്ക മുന്നറിയിപ്പിനു കീഴിലായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ മേഖലയിലുടനീളം 3,20,000 ത്തിലധികം വീടുകളിൽ വൈദ്യുതി മുടങ്ങി.
അർക്കൻസാസ്, ജോർജിയ, ഒക്ലഹോമ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള നാശനഷ്ടങ്ങളുടെ തോത് അമ്പരപ്പിക്കുന്നതാണെന്ന് മിസോറിയിൽ, ഗവർണർ മൈക്ക് കെഹോ പറഞ്ഞു. നൂറുകണക്കിനു വീടുകൾ, സ്കൂളുകൾ, ബിസിനസുകൾ എന്നിവ നശിപ്പിക്കപ്പെടുകയോ, ഗുരുതരമായി കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീപിടിത്തമോ, ശക്തമായ കാറ്റോ കാരണം കുറഞ്ഞത് നാലുപേരെങ്കിലും ഒക്ലഹോമയിൽ മരിച്ചതായി സംസ്ഥാന ചീഫ് മെഡിക്കൽ എക്‌സാമിനർ പറഞ്ഞു. തീപിടിത്തത്തിൽ 1,70,000 ഏക്കർ കത്തിനശിച്ചു.