വടക്കൻ മാസിഡോണിയയിലെ നിശാക്ലബിലുണ്ടായ തീപിടിത്തത്തിൽ 59 പേർ മരിച്ചു. സംഭവത്തിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊക്കാനിയിലെ പൾസ് ക്ലബിൽ ഞായറാഴ്ചയാണ് തീപിടിത്തമുണ്ടായത്. രാജ്യത്തെ പ്രശസ്തമായ ഹിപ്-ഹോപ്പ് ജോഡിയായ ഡി എൻ കെ യുടെ സംഗീതപരിപാടിക്കായി ഏകദേശം 500 പേർ ഒത്തുകൂടിയപ്പോഴാണ് അപകടം ഉണ്ടായത്. നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബാൻഡിലെ ഒരാൾമാത്രം പരിക്കുകളോടെ രക്ഷപെട്ടു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. തീപിടിത്തത്തിന് ഉത്തരവാദികളെന്നു കരുതുന്ന പത്തുപേരെയാണ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് വേദിക്ക് പ്രവർത്താനനുമതി ഉണ്ടായിരുന്നില്ല. വേദിയുടെ പിൻവാതിൽ പൂട്ടിയിരുന്നതിനാൽ ഉപയോഗിക്കാനും സാധിച്ചിരുന്നില്ല. അതിനാൽതന്നെ കെട്ടിടത്തിൽ പുറത്തേക്കു പോകാനും വരാനും ഒരു വാതിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉയർന്ന തീപിടിക്കുന്ന വസ്തുക്കളാൽ നിർമ്മിച്ച സീലിംഗിൽ തട്ടിയ കരിമരുന്ന് ഉപകരണങ്ങളിൽ നിന്നുള്ള തീപ്പൊരികളാണ് തീപിടിത്തത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇത്തരത്തിൽ സീലിംഗിൽ തീപിടിക്കുന്നതും പിന്നീട് അതിവേഗം തീ പടരുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വീഡിയോയിൽ, സീലിംഗിലെ തീജ്വാലകൾ കെടുത്താൻ ശ്രമിക്കുന്ന ആളുകളെയും കാണാം. അപ്പോഴും ക്ലബ് ആളുകളാൽ നിറഞ്ഞിരുന്നു. ഓടിരക്ഷപെടാൻ ശ്രമിക്കാതെ പലരും തീ അണയ്ക്കുന്നത് നോക്കിനിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതെല്ലാമാണ് മരണസംഖ്യ കൂടാൻ കാരണമായതെന്നാണ് കരുതപ്പെടുന്നത്. തീ കൂടിവന്നപ്പോൾ പലരും ഓടിരക്ഷപെടാൻ ശ്രമിച്ചെങ്കിലും തിക്കിലും തിരക്കിലുംപെട്ട് പലരും നിലത്ത് വീണുപോവുകയായിരുന്നു. 18 നും 20 നുമിടയിൽ പ്രായമുള്ളവരാണ് സംഭവസ്ഥലത്ത് മരണപ്പെട്ടിരിക്കുന്നവരിൽ ഏറെയും.