നാറ്റോ അംഗത്വത്തിൽനിന്ന് യുക്രൈനെ ഒഴിവാക്കുമെന്നും ഏതൊരു സമാധാന കരാറിലും യുക്രൈൻ നിഷ്പക്ഷത പാലിക്കുമെന്നും റഷ്യ ഉറപ്പുവരുത്തുമെന്ന് പറഞ്ഞ് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി. ഉറപ്പുള്ള സുരക്ഷാ ഗ്യാരണ്ടികൾ ഈ കരാറിന്റെ ഭാഗമാക്കണമെന്ന് തങ്ങൾ ആവശ്യപ്പെടുന്നതായും റഷ്യയുടെ ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.
യുക്രൈനിൽ മൂന്നുവർഷത്തെ യുദ്ധത്തിനു സാധ്യമായ വെടിനിർത്തലിനെക്കുറിച്ചുള്ള ചർച്ചകൾ പരോഗമിക്കുകയാണ്. കൂടുതൽ തീരുമാനങ്ങൾക്കുവേണ്ടി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും വരുംദിവസങ്ങളിൽ നേരിൽകാണുമെന്ന പ്രതീക്ഷകൾ നിലനിൽക്കുന്നുണ്ട്.
യു എസ് മുന്നോട്ടുവച്ച 30 ദിവസത്തെ വെടിനിർത്തൽ കരാർ യുക്രൈനും റഷ്യയും അംഗീകരിച്ചിട്ടുണ്ട്. വെടിനിർത്തലിനെ പിന്തുണയ്ക്കുന്നുവെന്ന് പുടിൻ പറഞ്ഞപ്പോൾ, സമാധാനം കൈവരിക്കുന്നതിനുള്ള കഠിനമായ വ്യവസ്ഥകളുടെ ഒരു പട്ടികയും പുട്ടിൻ മുന്നോട്ടുവച്ചിരുന്നു.
റഷ്യയുടെ പടിഞ്ഞാറൻ കുർസ്ക് മേഖലയിൽ കഴിഞ്ഞ ഓഗസ്റ്റിൽ യുക്രൈൻ, സൈനിക കടന്നുകയറ്റം നടത്തി കുറച്ചു പ്രദേശങ്ങൾ പിടിച്ചെടുത്തിരുന്നു. കുർസ്കിന്റെ നിയന്ത്രണം റഷ്യ പൂർണ്ണമായും തിരിച്ചുപിടിച്ചതായി പുടിൻ അവകാശപ്പെട്ടു. അതേസമയം, വെടിനിർത്തൽ കരാറിനെ അംഗീകരിക്കുന്ന കാര്യത്തിൽ പുടിൻ അട്ടിമറി നടത്തിയെന്നാണ് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ആരോപിക്കുന്നത്.