സിറിയയിൽ 13 വർഷത്തെ സംഘർഷത്തിൽ പൊട്ടാതെയിരുന്ന ബോബ് തീരദേശ നഗരമായ ലടാകിയയിൽ പൊട്ടിത്തെറിച്ച് അപകടം. അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ 16 പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് വൈറ്റ് ഹെൽമെറ്റ്സ് പാരാമെഡിക് ഗ്രൂപ്പ് റിപ്പോർട്ട് ചെയ്തു.
പൊട്ടാതെകിടന്ന ബോംബ് ഒരു സ്ക്രാപ്പ് ഡീലർ അറിയാതെ കൈകാര്യം ചെയ്തപ്പോഴാണ് സ്ഫോടനം ഉണ്ടായതെന്ന് എ എഫ് പി റിപ്പോർട്ട് ചെയ്തു. ശക്തമായ സ്ഫോടനത്തിൽ നാലുനിലകളുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടം തകർന്നു. അതേത്തുടർന്ന് കനത്ത കോൺക്രീറ്റ് സ്ലാബുകൾ തകർന്ന് താമസക്കാർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. കുടുങ്ങിക്കിടക്കുന്നവരെ വീണ്ടെടുക്കുന്നതിനുള്ള തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടരുകയാണ്.
രാത്രി മുഴുവനുമുള്ള തിരച്ചിലിനൊടുവിൽ അഞ്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 16 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി സംഘം പറഞ്ഞു. രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അതിജീവിച്ചവരെ പുറത്തെടുക്കുന്ന ഒരു വീഡിയോ അവർ സോഷ്യൽ മീഡിയയിൽ പങ്കിട്ടിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്കു മാറ്റിയിട്ടുണ്ട്.
സിറിയയിലെ നീണ്ടുനിന്ന യുദ്ധത്തിന്റെ ഏറ്റവും അപകടകരമായ അവശേഷിപ്പായി മാറുകയാണ് പൊട്ടാത്ത വെടിക്കോപ്പുകൾ. അതിപ്പോൾ വർഷങ്ങൾക്കുശേഷവും ജീവൻ അപഹരിക്കുകയും നാശമുണ്ടാക്കുകയും ചെയ്യുന്നു. ഫെബ്രുവരിയിലെ യു എൻ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ 13 വർഷത്തിനിടെ പൊട്ടാത്ത വെടിക്കോപ്പുകൾ കാരണം ഏകദേശം 100 പേർ മരിച്ചിട്ടുണ്ട്.
ഡിസംബറിൽ മുൻ പ്രസിഡന്റ് ബഷർ അൽ-അസദിനെ പുറത്താക്കിയതിനുശേഷം സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നിർത്തലാക്കിയിട്ടുണ്ട്. ഇതുവരെ പൊട്ടാത്ത 1400 ലധികം ഉപകരണങ്ങൾ സുരക്ഷിതമായി നിർവീര്യമാക്കിയിട്ടുണ്ട്. എന്നാലും ഭീഷണിയുടെ വ്യാപ്തി ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. സംഘർഷകാലത്ത് ഉപയോഗിച്ച ഏകദേശം പത്തുലക്ഷം യുദ്ധോപകരണങ്ങളിൽ ഒരു മുതൽ മൂന്നുലക്ഷം വരെ പൊട്ടിത്തെറിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. ഇത് സാധാരണ ജനങ്ങൾക്ക് ഇപ്പോഴും ഭീഷണിയായി തുടരുകയാണ്.