Tuesday, March 18, 2025

സാമൂഹ്യപ്രവർത്തനം സ്മാർട്ടാവുമ്പോൾ

വ്യക്തികളുടെയും കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും ക്ഷേമവും സമഗ്രവികസനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അനുദിനം വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യശാസ്ത്രശാഖയാണ് സാമൂഹികപ്രവര്‍ത്തനം. സ്കൂളുകള്‍, ആശുപത്രികള്‍, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍,തുടങ്ങി വിവിധ മേഖലകളിൽ പരീശീലനം സിദ്ധിച്ച സാമൂഹികപ്രവര്‍ത്തകരെ നമുക്കു കാണാം. ലോക സാമൂഹ്യപ്രവർത്തന ദിനത്തിൽ സാമൂഹ്യപ്രവർത്തനം പഠിക്കുകയും പഠിപ്പിക്കുകയും വ്യത്യസ്തമായ കർമ്മമേഖകളിൽ ഒരു പതിറ്റാണ്ടോളം പ്രവർത്തിക്കുകയും ചെയ്ത മൂന്നു സുഹൃത്തുക്കൾ ചേർന്ന് രൂപം നൽകിയ സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയെ പരിചയപ്പെടാം.

സോഷ്യൽ വർക്ക്  മൂവ്മെന്റ് ഫോർ ആക്ഷൻ റിസർച്ച് ആൻഡ് ട്രെയിനിങ് എന്നതിന്റെ ചുരുക്കമാണ് സ്മാർട്ട്. സാമൂഹ്യപ്രവർത്തനത്തിലൂടെ പുതിയ തലമുറയിൽ പൗരബോധവും സാമൂഹികപ്രതിബദ്ധതയും വളർത്തുകയാണ് സ്മാർട്ട് ഇന്ത്യയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മാനേജിംഗ് ട്രസ്റ്റി ശ്രീ. ഡാലിൻ ഡയസ്സ് പറയുന്നു. സാമൂഹ്യപ്രവർത്തകരും ഗവേഷകരുമായ ഡോ. സെമിച്ചൻ  ജോസഫ്, ഡോ. സേവ്യർ വിനയരാജ് എന്നിവരും ചേർന്ന് 2023 ലെ ലോക സാമൂഹ്യപ്രവർത്തന ദിനത്തിൽ പ്രവർത്തനം ആരംഭിച്ച സ്മാർട്ട് ഇന്ത്യ ഇതിനോടകം തന്നെ 600 ലധികം സന്നദ്ധപ്രവർത്തകർ ചേർന്ന് വലിയ ഒരു കൂട്ടായ്മയായി വളർന്നുകഴിഞ്ഞു. അക്കാദമിക്ക് സമൂഹത്തെയും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകരെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് സോഷ്യൽ വർക്കേഴ്സ് എംപവർമെന്റ് പ്രോഗ്രാം എന്നപേരിൽ സംഘടിപ്പിക്കുന്ന പ്രതിവാര സംവാദങ്ങൾ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പ്രൊഫഷണൽ സോഷ്യൽ വർക്കിന്റെ പ്രായോഗിക പാഠങ്ങൾ പകർന്നുനൽകുന്നവയാണ്.

തിരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ വികസനപ്രശ്നങ്ങൾ കണ്ടെത്തുകയും അതിന് പരിഹാരം നിർദേശിക്കുകയും ചെയ്യുന്ന പദ്ധതിയാണ് സ്മാർട്ട് വില്ലേജ്. സാമൂഹ്യപ്രവർത്തന വിദ്യാർഥികളെയും സന്നദ്ധപ്രവർത്തകരെയും ഇതിന്റെ ഭാഗമാക്കിക്കൊണ്ട് ഞാറയ്ക്കൽ, കുമ്പളങ്ങി, ശ്രീമൂലനഗരം  പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ വിവരശേഖരണം ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. മാസത്തിലൊരിക്കൽ അഗതിമന്ദിരങ്ങൾ സന്ദർശിക്കാനും അവരോടൊപ്പം സമയം ചെലവഴിക്കാനും ശ്രീമതി ദീപാ ബിജന്റെ നേതൃത്വത്തിലുള്ള സ്മാർട്ട് വോളണ്ടിയേഴ്സ് സമയം കണ്ടെത്തുന്നു.

ദേശീയ വിദ്യാഭ്യാസ നയം സ്കൂളിൽ സാമൂഹ്യപ്രവർത്തകർ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നുണ്ട്. ഈ മേഖലയിൽ ‘സമഗ്ര’ എന്നപേരിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ നിർദേശങ്ങൾ സർക്കാറിനു മുൻപിൽ സമർപ്പിക്കുകയുണ്ടായി. വിദ്യാർഥികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗവും അതുമൂലമുണ്ടാകുന്ന സാമൂഹ്യപ്രശ്നങ്ങളും പരിഹരിക്കാൻ വരുംനാളുകളിൽ സ്കൂളുകൾ കേന്ദ്രീകരിച്ചുകൊണ്ട് കൂടുതൽ പ്രവർത്തനങ്ങൾ സ്മാർട്ട് ഇന്ത്യ മുന്നോട്ടുവയ്ക്കുന്നു. മലയാളിയുടെ മാനസിക ആരോഗ്യത്തെക്കുറിച്ച് ആഴമേറിയ ഒരു ഗവേഷണപഠനത്തിന്റെ പണിപ്പുരയിലാണ് സ്മാർട്ട് ഇന്ത്യയുടെ പ്രവർത്തകർ ഇപ്പോൾ. ‘മൈൻഡ് ബ്ലിസ്’ എന്നപേരിൽ കൗൺസിലിംഗ് സെന്ററും സ്മാർട്ടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.

ഈ വർഷത്തെ സാമൂഹ്യപ്രവർത്തന ദിനാചരണം വളരെ വിപുലനമായ രീതിയിൽ സ്മാർട്ടിന്റെ ആഭിമുഖ്യത്തിൽ എറണാകുളം സെന്റ് ആൽബർട്ട് കേളേജിൽവച്ച് സംഘടിപ്പിക്കുകയുണ്ടായി. പ്രശസ്ത സാമൂഹ്യപ്രവർത്തകയും ആക്ടിവിസ്റ്റുമായ ദയാഭായിയാണ് മുഖ്യാതിഥിയായി പങ്കെടുത്തത്. പുതു തലമുറ സാമൂഹ്യപ്രവർത്തകരുമായും വിദ്യാർഥികളുമായും അവർ നടത്തിയ വേറിട്ട  സംവാദം ഹൃദയസ്പർശിയായിരുന്നു.

എറണാകുളം മറൈൻ ഡ്രൈവിൽ പ്രവർത്തിക്കുന്ന സംഘടനയുടെ ഓഫീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് കാതറിൻ തെരേസ ആണ്. ഗർഷോ രാഹുൽ നേതൃത്വം നൽകുന്ന റിസർച്ച് വിംഗിന്റെ ആഭിമുഖ്യത്തിൽ UGC NET/JRF പരീക്ഷകൾക്കു തയ്യാറെടുക്കുന്നവർക്കായി പരീശിലന പരിപാടി സംഘടിപ്പിച്ചുവരുന്നു. ബി എസ് ഡബ്ലിയു, എം സ്  ഡബ്ലിയു, വിദ്യാർഥികൾക്കു പുറമെ മറ്റു കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്കും സാമൂഹ്യപ്രവർത്തനം, NGO മനേജ്മെന്റ്, കൗൺസിലിംഗ് മേഖലകളിൽ കേന്ദീകരിച്ചുള്ള ഫീൽഡ്  കേന്ദ്രീകൃതമായ പരിശീലനവും സ്മാർട്ട് ഇന്ത്യ നൽകിവരുന്നു.

കൂടുതൽ വിവരങ്ങൾക്ക്
www.smartindiafoundation.org

LEAVE A REPLY

Please enter your comment!
Please enter your name here

Latest News