Tuesday, March 18, 2025

ഹൂതി ആക്രമണങ്ങൾക്ക് ഇറാൻ ഉത്തരവാദിയാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

യെമനിൽ ഹൂതി വിമതർ നടത്തുന്ന ഏതൊരു ആക്രമണത്തിനും ഇറാൻ ഉത്തരവാദി ആയിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചെങ്കടലിലെ യു എസിനെയും മറ്റു വിദേശകപ്പലുകളെയും ലക്ഷ്യമിട്ടാണ് ഹൂതി വിമതർ ആക്രമണം നടത്തുന്നത്.

“ഇന്നുമുതൽ ഹൂതികൾ തൊടുത്തുവിടുന്ന ഓരോ വെടിയുണ്ടയും ഇറാന്റെ ആയുധങ്ങളിൽനിന്നും നേതൃത്വത്തിൽ നിന്നുമുള്ള വെടിവയ്പ്പായി കണക്കാക്കും. ഇറാൻ ഉത്തരവാദികളായിരിക്കും. അതിന്റെ അനന്തരഫലങ്ങൾ അവർ അനുഭവിക്കുകയും ചെയ്യും; അത് ഭയാനകമായിരിക്കും” എന്നാണ് ട്രംപ് തിങ്കളാഴ്ച തന്റെ സോഷ്യൽ പ്ലാറ്റ്‌ഫോമായ ട്രൂത്തിൽ പോസ്റ്റ് ചെയ്തത്.

ട്രംപിന്റെ പുതിയ പ്രസ്താവന വിമതരെ ലക്ഷ്യംവച്ചുള്ള അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റെ പ്രചാരണത്തിന് കൂടുതൽ ശക്തി പകരുകയാണ്. ഈ വാരാന്ത്യത്തിൽ വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് 53 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് ഇനിയും തുടരാനാണ് സാധ്യത. അതേസമയം, ടെഹ്‌റാന്റെ അതിവേഗം പുരോഗമിക്കുന്ന ആണവപദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കാൻ ശ്രമിച്ചുകൊണ്ട് ട്രംപ് കഴിഞ്ഞ ആഴ്ച അയച്ച കത്തിന് എങ്ങനെ മറുപടി നൽകണമെന്ന് ഇറാൻ ആലോചിക്കുകയാണ്. ഹൂതികളെ ‘ദുഷ്ടരായ കൊള്ളക്കാർ’ എന്നു വിശേഷിപ്പിച്ച ട്രംപ്, സംഘത്തിന്റെ ഏതൊരു ആക്രമണത്തെയും ‘വലിയ ശക്തിയോടെ നേരിടുമെന്ന്’ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News