നമുക്കുചുറ്റും ഒരു അദൃശ്യ കൊലയാളി ഒളിഞ്ഞിരിപ്പുണ്ടെന്നു പറഞ്ഞാൽ എത്രത്തോളം വിശ്വസിക്കാൻ സാധിക്കും? ചുറ്റുപാടുമുള്ള ‘ശബ്ദം’ തന്നെയാണ് ഒരാളുടെ കൊലപാതകത്തിനു കാരണമാകുന്നത് എന്നതാണ് ഏറ്റവും ഭയാനകമായ കാര്യം. നമ്മുടെ ആയുസ്സ് നാം പോലും അറിയാതെ കുറയുന്നതിനെപ്പറ്റി അറിഞ്ഞിരിക്കണം.
ഉയർന്ന ശബ്ദം എന്നത് ഒരു പൊതുജനാരോഗ്യ പ്രതിസന്ധിയാണ്. ദൈനംദിന ജീവിതത്തിൽ ധാരാളം ആളുകൾ ഇതിന് ഇരയാകുന്നുണ്ട് എന്നാണ് ലണ്ടൻ സർവകലാശാലയിലെ സെന്റ് ജോർജിൽ നിന്നുള്ള പ്രൊഫസർ ഷാർലറ്റ് ക്ലാർക്ക് പറയുന്നത്. ശബ്ദം അപകടകരമാകുന്നത് എപ്പോഴാണെന്നതിനെക്കുറിച്ച് അദ്ദേഹം ചില പഠനങ്ങൾ നടത്തിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും ശബ്ദായമാനമായ നഗരം എന്ന പദവി വഹിക്കുന്ന ബംഗ്ലാദേശിലെ ധാക്കയിൽ നിന്നുള്ള ഗതാഗതശബ്‌ദം അദ്ദേഹത്തിന് ഏറെ അരേചകമായി തോന്നിയെന്നാണ് പറയുന്നത്. വലിയൊരു ഗതാഗതക്കുരുക്കിലാണ് പെട്ടിരിക്കുന്നത് എന്ന തോന്നൽ അപ്പോൾ ഉണ്ടായെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് വർധിക്കുകയും ശരീരം കൂടുതൽ വിയർക്കുകയും ചെയ്തു.
“ഗതാഗത ശബ്‌ദം നിങ്ങളുടെ ഹൃദയാരോഗ്യത്തെ ബാധിക്കുന്നു എന്നതിന് നല്ല തെളിവുകളുണ്ട്” – പ്രൊഫസർ ക്ലാർക്ക് പറയുന്നു. ചെവിയാണ് ശബ്ദം തിരിച്ചറിഞ്ഞ് തലച്ചോറിലേക്കു കടത്തിവിടുന്നത്. ശബ്ദം ശരീരത്തെ മാറ്റുന്നത് എന്തുകൊണ്ടാണെന്നും പ്രൊഫ. ക്ലാർക്ക് പറയുന്നുണ്ട്. ശബ്ദത്തോട് നിങ്ങൾക്ക് വൈകാരിക പ്രതികരണമുള്ളതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
ഇതെല്ലാം അടിയന്തര സാഹചര്യങ്ങളിൽ നല്ലതാണെങ്കിലും ക്രമേണ അത് ശരീരത്തിന് നാശമുണ്ടാക്കാൻ തുടങ്ങുന്നു. “വർഷങ്ങളോളം ഈ അവസ്ഥയിൽ തുടരുകയാണെങ്കിൽ, ഇത് ഹൃദയാഘാതം, ഉയർന്ന രക്തസമ്മർദം, പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ രോഗമാണ് ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു” – പ്രൊഫ. ക്ലാർക്ക് പറയുന്നു.
ബാഴ്‌സലോണയിൽ ഒരു വർഷം ഗതാഗതശബ്ദം മൂലം മാത്രം 300 ഹൃദയാഘാതങ്ങളും 30 മരണങ്ങളും സംഭവിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്. തിരക്കുപിടിച്ച നഗരങ്ങളിൽ സ്ഥിരതാമസമാക്കിയവർക്ക് ഉയർന്ന ശബ്ദം മൂലം നെഞ്ചുവേദന ഉണ്ടായിട്ടുണ്ടെന്ന് ചിലരുടെ അനുഭവത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. യൂറോപ്പിലുടനീളം പ്രതിവർഷം 12,000 അകാലമരണങ്ങൾക്കും ഉറക്കക്കുറവ് മൂലമുള്ള ഗുരുതരമായ ശബ്ദശല്യത്തിനും കാരണമാകുന്നു. ഇത് മാനസികാരോഗ്യത്തെയും ബാധിക്കുന്നു.
നഗരവൽക്കരണം
നഗരവത്കരണം യഥാർഥത്തിൽ ആളുകളെ ഉയർന്ന ശബ്ദത്തിന്റെ നഗരങ്ങളിലേക്കു തള്ളിവിടുകയാണ്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന മെഗാസിറ്റികളിലൊന്നാണ് ബംഗ്ലാദേശിലെ ധാക്ക. ഇത് കൂടുതൽ ഗതാഗതക്കുരുക്കിനു കാരണമാവുകയും നഗരത്തിന് ഹോൺ മുഴക്കുന്നത് പതിവുസംഭവവുമായി മാറുന്നു. ശബ്ദത്തിന്റെ അളവ് കുറയ്ക്കുന്നതിന് ഹോണുകൾ മുഴക്കുന്നതിനെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ബംഗ്ലാദേശ് സർക്കാരിന്റെ പരിസ്ഥിതി ഉപദേഷ്ടാവും മന്ത്രിയുമായ സയ്യിദ റിസ്വാന ഹസൻ പറയുന്നു. ശബ്ദത്തിന്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് നിരവധി പേർ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്.