നിങ്ങൾ സന്തുഷ്ടനാണോ? നിങ്ങളുടെ ചുറ്റുമുള്ള ആളുകൾ സന്തുഷ്ടരാണെന്നു തോന്നുന്നുണ്ടോ? ഈ ചോദ്യം ആഴത്തിലുള്ള ചിന്തയ്ക്കു കാരണമായേക്കാം. പക്ഷേ വ്യക്തിപരമായ സന്തോഷത്തിനുള്ള ഉത്തരം പലപ്പോഴും ലളിതമായ ‘അതെ’ അല്ലെങ്കിൽ ‘ഇല്ല’ എന്നതിലേക്കു ചുരുങ്ങുന്നു.
2025 ലെ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പ്രകാരം ഫിൻലാൻഡ് വീണ്ടും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടു. ഡെൻമാർക്, ഐസ്‌ലാൻഡ്, നോർവേ, സ്വീഡൻ എന്നിവയും ആദ്യ പത്തെണ്ണത്തിൽ ഇടംനേടി. ഓക്സ്ഫോർഡ് സർവകലാശാലയിലെ വെൽബീയിംഗ് റിസർച്ച് സെന്റർ ഗാലപ്പുമായി സഹകരിച്ചു പ്രസിദ്ധീകരിച്ച 2025 വേൾഡ് ഹാപ്പിനസ് റിപ്പോർട്ടാണിത്.
ഈ പട്ടികയിൽ ആധിപത്യം പുലർത്തുന്ന നോർഡിക് രാജ്യങ്ങളുടെ കാര്യത്തിൽ അതിശയിക്കേണ്ടതില്ലെന്ന് ഗാലപ്പിന്റെ മാനേജിംഗ് ഡയറക്ടർ ഇലാന റോൺ ലെവി പറയുന്നു. “ഈ രാജ്യങ്ങളിൽ താമസക്കാർക്കു സൗകര്യമൊരുക്കുന്ന കാര്യത്തിൽ സ്ഥിരതയുണ്ട്.”
ഫിൻലാൻഡ് അസാധാരണമായ ഒരു രാജ്യമാണ്. ഫിൻലാൻഡിനെക്കുറിച്ച് എന്താണ് പ്രത്യേകതയെന്ന് മനസ്സിലാക്കുന്നതിൽ ലോകം ശരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മറ്റുള്ളവരിലുള്ള വിശ്വാസം, ഭാവിയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം, സ്ഥാപനങ്ങളിലുള്ള വിശ്വാസം, സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പിന്തുണ എന്നിവയാണ് ഫിന്നിഷ് ജനത മറ്റുള്ളവരെക്കാൾ സന്തുഷ്ടരായിരിക്കുന്നതിന്റെ കാരണങ്ങൾ.
റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്ന ഓക്സ്ഫോർഡ് സർവകലാശാലയിലെ വെൽബീയിംഗ് റിസർച്ച് സെന്റർ പറയുന്നത്, റാങ്ക് ചെയ്തിട്ടുള്ള 130 ലധികം രാജ്യങ്ങളിലെ പ്രധാനമായും ആറു കാര്യങ്ങളാണ് പരിഗണിക്കുന്നത്. പ്രതിശീർഷ ജി ഡി പി, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുർദൈർഘ്യം, സ്വാതന്ത്ര്യം, ഔദാര്യം, അഴിമതി തുടങ്ങിയവയാണിത്. ഫിൻലൻഡിൽനിന്ന് മറ്റു രാജ്യങ്ങൾക്ക് പഠിക്കാൻ കഴിയുന്ന മറ്റൊരു കാര്യം കാരുണ്യപ്രവർത്തനങ്ങളുടെ പ്രാധാന്യമാണ്.
2025 ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തി. കഴിഞ്ഞ വർഷത്തെ 126-ാം സ്ഥാനത്തുനിന്ന് 118-ാം സ്ഥാനത്തേക്ക് ഉയർന്നു. ഇത് മൊത്തത്തിലുള്ള സന്തോഷനിലവാരത്തിലെ ഒരു പോസിറ്റീവ് പ്രവണതയെ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, പ്രത്യേക വിഭാഗങ്ങളിൽ ഇന്ത്യ വളരെ ഉയർന്ന റാങ്കിലാണ് – ജീവകാരുണ്യ സംഭാവനകൾക്ക് 57-ാം സ്ഥാനവും സന്നദ്ധപ്രവർത്തനത്തിന് പത്താം സ്ഥാനവും അപരിചിതരെ സഹായിക്കുന്നതിന് 74-ാം സ്ഥാനവും. നഷ്ടപ്പെട്ട പേഴ്‌സ് തിരികെ ലഭിക്കാനുള്ള സാധ്യതയുടെ കാര്യത്തിൽ ഇന്ത്യ 115-ാം സ്ഥാനത്താണ്.
പട്ടികയിൽ ഏറ്റവും താഴെയായി, അഫ്ഗാനിസ്ഥാനാണ് ഏറ്റവും കുറഞ്ഞ സന്തോഷ സ്കോർ രേഖപ്പെടുത്തിയത്, പ്രത്യേകിച്ച് അഫ്ഗാൻ സ്ത്രീകൾക്ക് മോശമായ ജീവിതസാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിയറ ലിയോൺ (146-ാം സ്ഥാനം), ലെബനൻ (145-ാം സ്ഥാനം) എന്നിവയാണ് തൊട്ടുപിന്നിൽ.
ടോണി ചിറ്റിലപ്പിള്ളി