Monday, May 19, 2025

ദക്ഷിണ കൊറിയയിലുണ്ടായ തീപിടിത്തത്തിൽ 18 പേർ മരിച്ചു

ദക്ഷിണ കൊറിയയിൽ ഇതുവരെ ഉണ്ടായതിൽവച്ച് ഏറ്റവും മോശമായ കാട്ടുതീ തെക്കൻ പ്രദേശങ്ങളെ മുഴുവൻ വിഴുങ്ങി. ഇതിൽ 18 പേർ കൊല്ലപ്പെടുകയും 200 ലധികം കെട്ടിടങ്ങൾ നശിക്കുകയും ചെയ്തു. കാട്ടുതീ പടർന്നതോടെ 27,000 പേരെ അവരുടെ വാസസ്ഥലങ്ങളിൽനിന്നും നിർബന്ധിതമായി ഒഴിപ്പിക്കേണ്ടിവന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

അഞ്ചുദിവസത്തെ തീപിടുത്തം ‘അഭൂതപൂർവമായ നാശനഷ്ടങ്ങൾ’ ആണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ദക്ഷിണ കൊറിയയുടെ പ്രധാനമന്ത്രിയും ആക്ടിംഗ് പ്രസിഡന്റുമായ ഹാൻ ഡക്ക്-സൂ പറഞ്ഞു. ഏറ്റവും മോശം സാഹചര്യം കണക്കാക്കി അതിനനുസരിച്ചു പ്രതികരിക്കാൻ രക്ഷാപ്രവർത്തനം നടത്തുന്ന ഏജൻസികളോട് അദ്ദേഹം ആവശ്യപ്പെട്ടു.

തെക്കുകിഴക്കൻ പട്ടണമായ ഉയിസോങ്ങിൽ കാട്ടുതീ നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെ ഒരു ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റ് മരിച്ചു. ഈ സംഭവത്തോടെ രാജ്യത്തുടനീളമുള്ള ഹെലികോപ്റ്റർ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കൊറിയ ഫോറസ്റ്റ് സർവീസ് നിർബന്ധിതരായി. വരണ്ട കാറ്റിനെത്തുടർന്നുണ്ടായ ഒന്നിലധികം തീപിടിത്തങ്ങൾ നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങൾ പാടുപെടുകയാണ്.

ചൊവ്വാഴ്ച ആൻഡോങ് നഗരത്തിലെയും മറ്റു തെക്കുകിഴക്കൻ നഗരങ്ങളിലെയും പട്ടണങ്ങളിലെയും ഉദ്യോഗസ്ഥർ താമസക്കാരോട് ഒഴിഞ്ഞുപോകാൻ ഉത്തരവിട്ടു. 17,400 ഹെക്ടറിലധികം (43,000 ഏക്കർ) ഭൂമി കത്തിനശിച്ചിട്ടുണ്ട്. ആൻഡോങ്ങ്, അയൽ കൗണ്ടികളായ ഉയിസോങ്, സാഞ്ചിയോങ്, ഉൽസാൻ നഗരം എന്നിവിടങ്ങളിൽ നിന്ന് അയ്യായിരത്തിലധികം ആളുകളെ വീടുകളിൽനിന്ന് ഒഴിപ്പിക്കേണ്ടിവന്നു. ഇവിടെയാണ് കാട്ടുതീ ഏറ്റവും കൂടുതൽ ബാധിച്ചത്. ഈ പ്രദേശങ്ങളിലെ തീയുടെ ഭൂരിഭാ​ഗവും അഗ്നിശമന സേനാംഗങ്ങൾ അണച്ചെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, തുടർച്ചയായ വരണ്ടതും കാറ്റുള്ളതുമായ കാലാവസ്ഥ തിരിച്ചടികൾക്കു കാരണമാവുകയും തീ വീണ്ടും പടരുകയും ചെയ്തു.

Latest News