ബംഗ്ലാദേശിലെ റോഹിംഗ്യൻ അഭയാർഥികളുടെ പുനരധിവാസ കേന്ദ്രങ്ങളിലേക്കുള്ള സഹായങ്ങൾ വെട്ടിക്കുറക്കുന്നത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും. അമേരിക്കയിൽ നിന്നും ചില യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള ധനസഹായം വെട്ടിക്കുറച്ചതിനാൽ തങ്ങളുടെ കുട്ടികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വരുമെന്ന ആശങ്കയിലാണ് മാതാപിതാക്കൾ.”ഈ സൗകര്യം അടച്ചുപൂട്ടിയാൽ ഞങ്ങൾ എവിടെ പോകും?” എന്നാണ് അമ്മമാർ ചോദിക്കുന്നത്.
വിദേശസഹായങ്ങൾ നിർത്തലാക്കാനും യു എസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (യു എസ് എ ഐ ഡി) നിർത്തലാക്കാനും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം എടുത്ത തീരുമാനം ഏറെ ഭയപ്പെടുത്തുന്നതാണ്. ഈ തീരുമാനം ആഗോളതലത്തിൽ തന്നെ കോളിളക്കമുണ്ടാക്കി. അഭയാർഥികൾക്ക് ഇത് മോശം സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്നാണ് യു എൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ക്യാമ്പുകളിൽ റോഹിംഗ്യൻ അഭയാർഥികൾക്ക് സഹായങ്ങൾ വെട്ടിക്കുറയ്ക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും കുറ്റകൃത്യങ്ങൾ വർധിക്കുന്നതിലേക്കു നയിക്കുമെന്നും ഭയപ്പെടുന്നുണ്ട്.
സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ വെബ്‌സൈറ്റ് പ്രകാരം, റോഹിംഗ്യൻ അഭയാർഥികൾക്ക് ഏറ്റവും കൂടുതൽ സഹായം നൽകുന്ന രാജ്യമാണ് യു എസ്. 2017 മുതൽ ഏകദേശം 2.4 ബില്യൺ ഡോളറാണ് സംഭാവന ചെയ്തിട്ടുള്ളത്. ഫണ്ടുകൾ മരവിപ്പിച്ചതിനെത്തുടർന്ന് അഞ്ച് ആശുപത്രികൾ സേവനങ്ങൾ കുറയ്ക്കാൻ നിർബന്ധിതരായതായി ഇതിനു മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 11 പ്രാഥമിക പരിചരണ കേന്ദ്രങ്ങൾ ഉൾപ്പെടെ ഏകദേശം 48 ആരോഗ്യസൗകര്യങ്ങളെയും ഇത് ബാധിച്ചു. ഇത് നിരവധി അഭയാർഥികൾക്ക് അവശ്യപരിചരണം ലഭ്യമല്ലാതാക്കി എന്ന് അന്താരാഷ്ട്ര രക്ഷാസമിതി ഉദ്യോഗസ്ഥരും പറഞ്ഞു.