വിശുദ്ധ വാരാചരണങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകുമോ എന്ന് വ്യക്തമാക്കാതെ വിശുദ്ധ വാരാചരണങ്ങളുടെ ഔദ്യോഗിക കലണ്ടർ വത്തിക്കാൻ പ്രസിദ്ധീകരിച്ചു. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് മാർപാപ്പയ്ക്ക് കുറഞ്ഞത് രണ്ടുമാസത്തെ പൂർണ്ണവിശ്രമം നിർദേശിച്ച സാഹചര്യത്തിലാണ് വത്തിക്കാൻ ഔദ്യോഗിക കലണ്ടർ പ്രസിദ്ധീകരിച്ചത്.
ഏപ്രിൽ 13 ന് ആചരിക്കുന്ന ഓശാന ഞായറാഴ്ചയിലെ പരിശുദ്ധ കുർബാന, പ്രാദേശിക സമയം രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടത്തപ്പെടും. നിലവിൽ ഈസ്റ്റർ ഞായറാഴ്ചയിലെ ചടങ്ങുകൾ വരെയുള്ള തിരുക്കർമ്മങ്ങളെക്കുറിച്ചാണ് വത്തിക്കാൻ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. ഏപ്രിൽ 17 ലെ പെസഹാവ്യാഴത്തിന്റെ തിരുക്കർമ്മങ്ങളും തുടർന്നുവരുന്ന ദിനങ്ങളിലെ ദുഃഖവെള്ളിയുടെയും ദുഃഖശനിയുടെയും തിരുക്കർമ്മങ്ങളും സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽവച്ചു നടത്തപ്പെടും. ഏപ്രിൽ 20 ലെ ഈസ്റ്റർ ദിനത്തിന്റെ തിരുക്കർമ്മങ്ങൾ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കും. തുടർന്ന് റോമിനും ലോകത്തിനും വേണ്ടിയുള്ള ‘ഊർബി ഏറ്റ് ഓർബി’ ആശീർവാദം നൽകപ്പെടും.
മാർപാപ്പയുടെ ആരോഗ്യനില പരിഗണിച്ച് വിശുദ്ധ വാരാചരണങ്ങളിൽ അദ്ദേഹത്തിന്റെ പങ്കാളിത്തം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ വത്തിക്കാൻ അറിയിക്കും.