Wednesday, April 2, 2025

കുഞ്ഞുങ്ങളെ ദത്തുനല്കൽ: ദക്ഷിണ കൊറിയ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നതായി ആരോപണം 

ലോകത്തിൽ ഏറ്റവും കൂടുതൽ കുഞ്ഞുങ്ങളെ ദത്തു നൽകുന്ന രാജ്യമാണ് ദക്ഷിണ കൊറിയ. എന്നാൽ ദത്തുകൊടുക്കൽ നിറവേറ്റുന്നതിനായി നിരവധി മനുഷ്യാവകാശ ലംഘനങ്ങൾ ദക്ഷിണ കൊറിയ നടത്തിയതായി ആരോപണം ഉയരുന്നു. മാറിവന്ന സർക്കാരുകൾ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയതായാണ് ദക്ഷിണ കൊറിയയിലെ ദി ട്രൂത്ത് ആൻഡ് റിക്കൺസിലിയേഷൻ കമ്മീഷൻ ആരോപിച്ചത്. രേഖകളിൽ കൃത്രിമം കാണിച്ചാണ് പല ദത്തു നൽകലും നടത്തിയിട്ടുള്ളത്.

ഡെൻമാർക്ക് ഉൾപ്പെടെ ആറു യൂറോപ്യൻ രാജ്യങ്ങളിലേക്ക് അയച്ച ഏകദേശം 1,40,000 ദക്ഷിണകൊറിയൻ കുട്ടികളിൽ 367 പേരുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണവും കണ്ടെത്തലും. ഏകദേശം മൂന്നുവർഷത്തോളം അന്വേഷിച്ചതിനു ശേഷമാണ് ബുധനാഴ്ച, ദി ട്രൂത്ത് ആൻഡ് റിക്കൺസിലിയേഷൻ കമ്മീഷൻ അതിന്റെ കണ്ടെത്തലുകൾ പുറത്തിറക്കിയിരിക്കുന്നത്.

ദക്ഷിണ കൊറിയൻ കുട്ടികളെ വൻതോതിൽ ദത്ത് നൽകുന്നതിൽ പ്രാദേശിക ദത്തെടുക്കൽ ഏജൻസികൾ വിദേശഗ്രൂപ്പുകളുമായി സഹകരിച്ചതായി കണ്ടെത്തി. സംശയാസ്പദമായതോ, പൂർണ്ണമായും അധാർമ്മികമായതോ ആയ മാർഗങ്ങളിലൂടെയാണ് പല ദത്തെടുക്കലുകളും നടന്നിട്ടുള്ളത്. മാതാപിതാക്കളുള്ള കുട്ടികളെപോലും അനാഥരെന്നു കാണിച്ചാണ് ദത്തുനൽകൽ നടത്തിയത്. ഇതിലൂടെ കുട്ടികളുടെ മനുഷ്യാവകാശങ്ങൾ ഭരണകൂടം ലംഘിച്ചു എന്നും ഏജൻസികൾക്ക് വലിയ സാമ്പത്തികനേട്ടം ഉണ്ടായിട്ടുണ്ടെന്നും കമ്മീഷൻ കണ്ടെത്തി.

1964 നും 1999 നുമിടയിൽ വിദേശത്ത് ദത്തെടുക്കപ്പെട്ടവർ സമർപ്പിച്ച 367 പരാതികളിൽ ആദ്യത്തെ നൂറെണ്ണം ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ ഉൾപ്പെടുത്തി. ദത്തെടുക്കപ്പെട്ട നൂറുപേരിൽ 56 പേർ ഭരണകൂടത്തിന്റെ അവഗണനയുടെ ഇരകളായിരുന്നു എന്നാണ് കമ്മീഷന്റെ നിഗമനം. ഇത് ദക്ഷിണ കൊറിയൻ ഭരണഘടനയ്ക്കും അന്താരാഷ്ട്ര കൺവെൻഷനുകൾക്കും കീഴിലുള്ള അവരുടെ അവകാശങ്ങളുടെ ലംഘനമാണെന്നും കമ്മീഷൻ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News