ദക്ഷിണ കൊറിയയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ നിരവധി മരണങ്ങളും നാശനഷ്ടങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് ഇതുവരെ ഉണ്ടായതിൽവച്ച് ഏറ്റവും വലിയ തീപിടിത്ത ദുരന്തമാണ് നടന്നതെന്ന് അധികൃതർ പറയുന്നു. തെക്കുകിഴക്കൻ മേഖലയിലെ 35,810 ഹെക്ടറിലധികം (88,488 ഏക്കർ) ഭൂമി കത്തിനശിച്ചതായി ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു. ഉയിസോങ് മേഖലയിൽ നിന്നാരംഭിച്ച തീപിടിത്തം ഇപ്പോൾ ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീയായി മാറുകയായിരുന്നു. 2000 മാർച്ചിൽ ഉണ്ടായ 24,000 ഹെക്ടർ കാട്ടുതീയെക്കാൾ ഏറ്റവും വലിയ വിപത്തായി മാറിയിരിക്കുകയാണ് ഈ ദുരന്തം.
ഇന്നലെ തകർന്നുവീണ അഗ്നിശമന ഹെലികോപ്റ്ററിന്റെ പൈലറ്റ് ഉൾപ്പെടെ കുറഞ്ഞത് 27 പേരെങ്കിലും ഈ ദുരന്തത്തിൽ മരിച്ചതായി റിപ്പോർട്ടുണ്ട്. നൂറുകണക്കിന് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ, കത്തിനശിക്കുകയോ ചെയ്തിട്ടുണ്ട്. അതേസമയം, തീ പടർന്നുപിടിച്ചതോടെ ചാരമായി മാറിയവയിൽ ഏഴാം നൂറ്റാണ്ടിലെ ചരിത്രപ്രസിദ്ധമായ ബുദ്ധക്ഷേത്രവും ഉൾപ്പെടുന്നു. “കാട്ടുതീയുടെ വ്യാപനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതിനാൽ ദേശീയതലത്തിൽ നമ്മൾ ഒരു നിർണ്ണായക സാഹചര്യത്തിലാണ്” – ആക്ടിംഗ് പ്രസിഡന്റ് ഹാൻ ഡക്ക് സൂ പറഞ്ഞു.
ബുധനാഴ്ചയോടെയാണ് ഉയിസോങ്ങിൽ തീ അതിവേഗം പടർന്നുപിടിച്ചത്. വെറും 12 മണിക്കൂറിനുള്ളിൽ 51 കിലോമീറ്റർ അകലെയുള്ള കിഴക്കൻ തീരത്തുള്ള യോങ്‌ഡിയോക്കിൽ തീ എത്തി. തെക്കുപടിഞ്ഞാറൻ ഭാഗത്ത് നേരിയ മഴ പ്രവചിക്കപ്പെടുന്നുണ്ടെങ്കിലും മിക്ക ദുരിതബാധിത പ്രദേശങ്ങളിലും അഞ്ചു മില്ലിമീറ്ററിൽ താഴെ മാത്രമേ മഴ ലഭിക്കുകയുള്ളൂ എന്നാണ് നിഗമനം. ഇത് ചെറിയ ആശ്വാസം നൽകുമെന്ന് പ്രതീക്ഷയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.