ട്രംപിന് പുടിനോട് അതൃപ്തിയുണ്ടെന്നു പറഞ്ഞതിനുശേഷവും യു എസുമായി തങ്ങൾ ഇപ്പോഴും സഹകരിക്കുന്നുവെന്ന് റഷ്യ. പുടിനെതിരായ ട്രംപിന്റെ വിമർശനത്തിനുള്ള ആദ്യ പ്രതികരണമാണ് ക്രെംലിൻ നടത്തിയത്. രണ്ട് നേതാക്കൾ തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്ന രീതിയിലായിരുന്നു ക്രെംലിന്റെ പ്രതികരണം.
“ഞങ്ങളുടെ ബന്ധം കെട്ടിപ്പടുക്കുന്നതിൽ യു എസ് പക്ഷവുമായി പ്രവർത്തിക്കുന്നത് തുടരുന്നു” – റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ഈ ആഴ്ച പുടിനും ട്രംപും തമ്മിൽ ഒരു ഫോൺ സംഭാഷണത്തിനുള്ള പദ്ധതികളൊന്നമില്ലെന്നും എന്നാൽ ആവശ്യമായിവരികയാണെങ്കിൽ പുടിൻ അതിന് തയ്യാറാണെന്നും റഷ്യൻ വക്താവ് പറഞ്ഞു. യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ വിശ്വാസ്യതയെ ആക്രമിച്ചതിന് പുടിനോട് തനിക്ക് അതൃപ്തിയുണ്ടെന്നും വെടിനിർത്തലിന് പുടിൻ സമ്മതിച്ചില്ലെങ്കിൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 50% തീരുവ ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ട്രംപിന്റെ ഭീഷണിക്കു ശേഷമാണ് കാര്യങ്ങൾ സുഗമമാക്കാനുള്ള ശ്രമം നടന്നത്. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിലെത്തുന്നതിനായി യു എസും റഷ്യൻ ഉദ്യോഗസ്ഥരും തമ്മിൽ നിരവധി ആഴ്ചകളായി ചർച്ചകൾ നടത്തിവരികയാണ്. ഈ സമയത്ത് ട്രംപ് പല സന്ദർഭങ്ങളിലും സെലെൻസ്‌കിയെ വിമർശിച്ചിട്ടുണ്ടെങ്കിലും പുടിനെ വിമർശിച്ചിരുന്നില്ല. ഇതാദ്യമായാണ് ട്രംപ് പുടിനെ വിമർശിക്കുന്നത്. യു എന്നിന്റെ പിന്തുണയോടെ പുടിൻ യുക്രേനിയൻ പ്രസിഡന്റ് സെലെൻസ്‌കിയെ ‘മാറ്റിസ്ഥാപിക്കാൻ കഴിയുന്ന ഒരു ഇടക്കാല സർക്കാർ’ എന്ന് വിശേഷിപ്പിച്ചപ്പോഴാണ് പുടിനോടുള്ള ട്രംപിന്റെ കോപം ആളിക്കത്തിയത്.