Saturday, April 5, 2025

താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് മ്യാൻമർ സൈന്യം 

കഴിഞ്ഞ ആഴ്ചയാണ് മ്യാൻമാറിനെ പിടിച്ചുകുലുക്കിയ ഭൂകമ്പമുണ്ടായത്. വിനാശകരമായ ഭൂകമ്പത്തെ തുടർന്ന് ദുരിതാശ്വാസ, പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോഴിതാ പുനർനിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മ്യാൻമർ സൈന്യം താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രിൽ രണ്ടു മുതൽ 22 വരെ കരാർ പ്രാബല്യത്തിലുണ്ടാകുമെന്ന് ഭരണകക്ഷിയായ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു.

ഈ ആഴ്ച ആദ്യം, സൈന്യത്തിനെതിരെ പോരാടുന്ന വിമതഗ്രൂപ്പുകൾ ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബുധനാഴ്ചത്തെ പ്രഖ്യാപനം വരെ സൈന്യം അതിന് വിസമ്മതിക്കുകയായിരുന്നു. കിഴക്കൻ ഷാൻ സ്റ്റേറ്റിൽ മെഷീൻഗണ്ണുകൾ ഉപയോഗിച്ച് ഒൻപതോളം വരുന്ന വാഹനവ്യൂഹത്തിനുനേരെ സൈനികർ വെടിയുതിർത്തതായി സായുധ വിമതഗ്രൂപ്പായ ടാങ് നാഷണൽ ലിബറേഷൻ ആർമി പറഞ്ഞു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള, ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ നഗരമായ മണ്ടാലേയിലേക്കുള്ള യാത്രയിലായിരുന്നു വാഹനവ്യൂഹം. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നു പറഞ്ഞ സൈനിക ഭരണകൂടം, വാഹനവ്യൂഹത്തിനുനേരെ നേരിട്ട് വെടിയുതിർത്തു എന്ന ആരോപണം നിഷേധിച്ചു. വാഹനവ്യൂഹത്തിന് സിഗ്നൽ നൽകിയിട്ടും നിർത്താതിരുന്നതിനെ തുടർന്ന് സൈന്യം ആകാശത്തേക്ക് വെടിയുതിർത്തതായി അവർ പറയുന്നു.

തങ്ങളുടെ രക്ഷാപ്രവർത്തകരും രക്ഷാപ്രവർത്തനത്തിനെത്തിയ സാധനങ്ങളും സുരക്ഷിതമാണെന്ന് ബുധനാഴ്ച ചൈനീസ് വിദേശകാര്യ മന്ത്രാലയം,പറഞ്ഞു. മ്യാൻമറിലെ എല്ലാ വിഭാഗങ്ങളും പാർട്ടികളും ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു മുൻഗണന നൽകുമെന്നു പ്രതീക്ഷിക്കുന്നതായും അവർ അറിയിച്ചു.

ഭൂകമ്പബാധിത പ്രദേശങ്ങളിലേക്ക് നിരവധി അന്താരാഷ്ട്ര സഹായ ഏജൻസികളും വിദേശ സർക്കാരുകളും ഉദ്യോഗസ്ഥരെയും സാധനങ്ങളെയും അയച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ 7.7 തീവ്രതയുള്ള ഭൂകമ്പത്തിനുശേഷം നിരവധി പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. തായ്‌ലൻഡ് പോലുള്ള അയൽരാജ്യങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News