കേന്ദ്ര സർക്കാർ വഖഫ് നിയമ ഭേദഗതി പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കിയത് സ്വാഗതാർഹമെന്നും ഇതുവഴി വിവിധ മതസ്ഥരായ സാധാരണക്കാരുടെ ആശങ്കകൾക്ക് പരിഹാരം കിട്ടുമെന്നും കത്തോലിക്ക കോൺഗ്രസ് കേന്ദ്രസമിതി. ഇതിനായി മുന്നിട്ടിറങ്ങിയ കേന്ദ്ര സർക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി പറഞ്ഞു.
മുനമ്പം പ്രശ്നപരിഹാരത്തിന് വഖഫ് ഭേദഗതി അനിവാര്യമാണ്. അവരുടെ നിലനിൽപിനായുള്ള ആവശ്യത്തെ അവഗണിച്ച കേരളത്തിൽ നിന്നുള്ള എം പിമാരുടെ നിലപാട് അങ്ങേയറ്റം പ്രതീഷേധാർഹമാണന്നും, ജനകീയ പ്രശ്നം ഏറ്റെടുക്കാതെ പ്രീണന രാഷ്ട്രീയത്തിന് മാത്രം പുറകെ പോകുന്ന രാഷ്ട്രീയ നയം ആശാസ്യമല്ലായെന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു. നിലവിലെ വഖഫ് നിയമത്തിലെ ചില വ്യവസ്ഥകൾ മൂലം മുസ്ലീങ്ങൾ ഉൾപ്പെടെ അനേകം ആളുകൾക്ക് കഷ്ടപ്പെട്ട് സമ്പാദിച്ച സ്വത്ത് നഷ്ട്ടപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു. എന്നാൽ അതിനെ തൃണവൽക്കരിച്ച കേരള എം പി മാർ സാധാരണ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. ഇത്തരം നിലപാട് തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.
കത്തോലിക്ക സമുദായം രാഷ്ട്രീയത്തിനതീതമായി പാവപ്പെട്ട ജനങ്ങൾക്കൊപ്പം നിൽക്കുകയായിരുന്നു വഖഫ് വിഷയത്തിൽ ചെയ്തത്. പക്ഷെ ജനപ്രതിനിധികൾ സാധാരണക്കാരിൽ നിന്നും അകന്ന് പോയി എന്നും കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി വിലയിരുത്തി. പുതിയ വഖഫ് നിയമത്തിൽ ന്യൂനപക്ഷ അവകാശങ്ങളെ ബാധിക്കുന്ന ഭാഗങ്ങളോട് യോജിക്കുന്നില്ല. എന്നാൽ സാധാരണക്കാരന് നീതി ലഭ്യമാക്കുന്ന ഭേദഗതി അതേ പോലെ നിലനിർത്തണമെന്ന് കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി ആവശ്യപ്പെട്ടു.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ ഫാ ഫിലിപ്പ് കവിയിൽ, ജന സെക്രട്ടറി ഡോ ജോസ്കുട്ടി ഒഴുകയിൽ, ഭാരവാഹികളായ അഡ്വ ടോണി പുഞ്ചക്കുന്നേൽ, പ്രൊഫ കെ എം ഫ്രാൻസിസ്, രാജേഷ് ജോൺ, ബെന്നി ആന്റണി, ട്രീസ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.