വെടിനിർത്തൽ ശാശ്വതമായി തുടരുകയാണെങ്കിൽ, പകരമായി തടവിൽ വച്ചിരിക്കുന്ന എല്ലാ ബന്ധികളെയും മോചിപ്പിക്കാൻ ഹമാസ് തയ്യാറാണെന്ന് അറിയിച്ചതായി പലസ്തീൻ ഉദ്യോഗസ്ഥൻ. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വെടിനിർത്തൽ ചർച്ചകളെക്കുറിച്ച് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ ഇസ്രായേൽ പങ്കുചേരുമെന്ന ഉറപ്പു ലഭിക്കണമെന്ന് ഹമാസ് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പൂർണ്ണമായി പിൻവലിക്കുന്നതും യുദ്ധം സ്ഥിരമായി അവസാനിപ്പിക്കുന്നതും പകരമായി ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരുന്നതുമാണ് മാർച്ച് രണ്ടിന് ആരംഭിച്ച രണ്ടാംഘട്ട വെടിനിർത്തൽ കരാറിൽ ഉൾപ്പെടുന്നത്.
പുതുക്കിയ താൽക്കാലിക വെടിനിർത്തലിന്റെ ഭാഗമായി ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് ഇപ്പോഴും തയ്യാറാണെന്ന് ഉദ്യോഗസ്ഥൻ പറയുന്നു. ബന്ദികളുടെ എണ്ണം പ്രശ്നമല്ലെന്നും സ്ഥിരമായ ഒരു വെടിനിർത്തൽ കൈവരിക്കാനുള്ള ഉദ്ദേശ്യം ഇസ്രായേൽ പ്രകടിപ്പിച്ചാൽ, എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ ഹമാസ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. “പോരാട്ടം തുടരുന്നതിന് ഇസ്രായേൽ ഒരു ഭാഗിക കരാർ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. രണ്ടാംഘട്ടത്തിലേക്കു കടക്കാതെ എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ ഹമാസ് ആഗ്രഹിക്കുന്നു” എന്നാണ് അദ്ദേഹം പറഞ്ഞത്.