Sunday, April 6, 2025

സെലെൻസ്‌കിയുടെ ജന്മനാട്ടിൽ റഷ്യൻ ആക്രമണത്തിൽ ആറു കുട്ടികൾ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു

സമാധാനശ്രമങ്ങൾക്കിടയിലും യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കിയുടെ ജന്മനാട്ടിൽ റഷ്യ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. സെലൻസ്കിയുടെ ജന്മനാടായ ക്രിവി റിഹിൽ നടന്ന റഷ്യൻ മിസൈൽ ആക്രമണത്തിൽ ആറു കുട്ടികൾ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടതായി യുക്രേനിയൻ അധികൃതർ അറിയിച്ചു. ആക്രമണത്തിൽ അൻപതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

സെലെൻസ്‌കി തന്റെ രാത്രിപ്രസംഗത്തിൽ കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവരുടെ കുടുംബങ്ങളോടും അനുശോചനം രേഖപ്പെടുത്തി. “നിരവധി പേർക്ക് പരിക്കേറ്റു. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മിസൈൽ യഥാർഥത്തിൽ റെസിഡൻഷ്യൽ കെട്ടിടങ്ങൾക്കു സമീപമുള്ള പ്രദേശത്താണ് പതിച്ചത്. കുട്ടികളുടെ കളിസ്ഥലവും തെരുവുകളുമെല്ലാം തകർന്നു” – സെലെൻസ്‌കി പറഞ്ഞു. റഷ്യ കെർസണിലെ ഒരു പവർ പ്ലാന്റിനെ ലക്ഷ്യമിട്ട് ഡ്രോൺ ഉപയോഗിച്ചതായും സെലെൻസ്‌കി അറിയിച്ചു.

“ഇത്തരം ആക്രമണങ്ങൾ യാദൃശ്ചികമല്ല. ഇതൊരു ഊർജകേന്ദ്രമാണെന്ന് റഷ്യക്കാർക്ക് അറിയാം” – സെലെൻസ്‌കി പറഞ്ഞു. അതേസമയം, യുക്രേനിയൻ, പാശ്ചാത്യ ഉദ്യോഗസ്ഥർ തമ്മിലുള്ള കൂടിക്കാഴ്ചയെ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. റഷ്യ അമേരിക്കൻപക്ഷത്തിനു നൽകിയ വാഗ്ദാനങ്ങളനുസരിച്ച് ആക്രമണങ്ങൾ തുടരുകയാണെന്ന് സെലൻസ്കി കുറ്റപ്പെടുത്തി. യുദ്ധത്തിനു മുൻപ് ആറുലക്ഷം ജനസംഖ്യ ഉണ്ടായിരുന്ന ഒരു വ്യാവസായിക നഗരമായിരുന്നു ക്രൈവി റിഹിൽ. അവിടെയാണ് സെലൻസ്കി ജനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News