യുക്രൈനിലേക്ക് ഒരു ബഹുരാഷ്ട്ര സമാധാന സേനയെ വിന്യസിക്കാനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യാൻ യൂറോപ്യൻ സൈനിക നേതാക്കളെ കണ്ട് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. കീവിൽ ബ്രിട്ടീഷ്, ഫ്രഞ്ച് സായുധസേനാ നേതാക്കളുമായാണ് സെലൻസ്കി കൂടിക്കാഴ്ച നടത്തിയത്.
ഭാവിയിലെ ‘ആശ്വാസ സേനയുടെ’ ഘടന, വലിപ്പം എന്നിവ ഉദ്യോഗസ്ഥർ പരിഗണിച്ചതായി യു കെ പ്രതിരോധ മന്ത്രാലയം പറഞ്ഞു. മാത്രമല്ല, പ്രതിരോധ മേധാവി അഡ്മിറൽ ആന്റണി റഡാകിൻ, “യുക്രേനിയൻ സൈന്യത്തിന്റെ ശക്തമായ കഴിവുകൾ വളർത്തിയെടുക്കാനും റഷ്യൻ ആക്രമണം തടയാൻ അവരെ ഏറ്റവും ശക്തമായ സ്ഥാനത്ത് നിർത്താനും” യു കെ ശ്രമിക്കുമെന്ന് ഊന്നിപ്പറഞ്ഞു. ഇത്തരത്തിൽ യുക്രൈനുള്ള സഹായങ്ങൾ ചെയ്യുമെന്ന് യു കെ അറിയിച്ചു.
വാരാന്ത്യ ചർച്ചകൾക്കായി ബ്രസ്സൽസിൽ പ്രതിരോധ മന്ത്രിമാരും യുക്രൈൻ പ്രതിരോധ കോൺടാക്റ്റ് ഗ്രൂപ്പും തമ്മിൽ ഇനിയും കൂടിക്കാഴ്ച നടക്കും. വെടിനിർത്തൽ ഉണ്ടായാൽ യുക്രൈനായി യൂറോപ്യൻ നേതൃത്വത്തിലുള്ള സമാധാന സേനയെ നിയോഗിക്കണമെന്ന ആശയം ബ്രിട്ടൻ പ്രോത്സാഹിപ്പിച്ചുവരികയായിരുന്നു. എന്നാൽ, റഷ്യയുടെ പ്രതികാര നടപടികൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അത്തരമൊരു സേനയ്ക്ക് യു എസ് പിന്തുണ ആവശ്യമാണെന്നും അവർ പറഞ്ഞു.