സമൂഹമാധ്യമങ്ങളായ ഫേസ്ബുക്കിന്റേയും ഇന്‍സ്റ്റഗ്രാമിന്റേയും സ്വകാര്യതാ നയത്തില്‍ മാറ്റം. മാതൃകമ്പനിയായ മെറ്റയാണ് സ്വകാര്യതാ നയത്തില്‍ അപ്ഡേഷന്‍ പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ജൂലൈ 26 ഓടെ മാറ്റം പൂര്‍ണമായും പ്രാബല്യത്തില്‍ വരുത്താനാണ് കമ്പനി തീരുമാനം.
ഫേസ്ബുക്കിലേയും ഇന്‍സ്റ്റഗ്രാമിലേയും ഉപയോക്താവിന്റെ വിവരങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്ന് എളുപ്പത്തില്‍ മനസിലാക്കാനുള്ള മാറ്റങ്ങള്‍ പുതിയ അപ്ഡേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അപ്ഡേറ്റഡ് വേര്‍ഷനില്‍ ഉപയോക്താവിന്റെ ഡാറ്റ ശേഖരിക്കാനോ ഉപയോഗിക്കാനോ പങ്കിടാനോ വലിയ നിയന്ത്രണമൊന്നും മെറ്റയ്ക്ക് ഉണ്ടാകുന്നില്ല. എന്നാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ വിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കണം എന്നത് നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയില്‍ രണ്ട് മാറ്റങ്ങള്‍ മെറ്റ വരുത്തുന്നുണ്ട്.
പുതിയ ക്രമീകരണം ആളുകള്‍ക്ക് ഡിഫോള്‍ട്ടായി അവരുടെ പോസ്റ്റുകള്‍ ആര്‍ക്കൊക്കെ കാണാനാകുമെന്നതില്‍ കൂടുതല്‍ നിയന്ത്രണം നല്‍കും. ഒപ്പം ഉപയോക്താക്കള്‍ക്ക് കാണാനാകുന്ന പരസ്യങ്ങളുടെ നിലവിലുള്ള നിയന്ത്രണങ്ങള്‍ ഒരൊറ്റ ഇന്റര്‍ഫേസിലേക്ക് ഏകീകരിച്ചിരിക്കുന്നു.
കമ്പനി ഏതെങ്കിലും അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുന്ന സന്ദര്‍ഭത്തില്‍ ആ അക്കൗണ്ടിന് എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളും മെറ്റനല്‍കും. കൂടാതെ വിവരങ്ങള്‍ പങ്കിടുകയും, അത് സ്വീകരിക്കുകയും ചെയ്യുന്ന മൂന്നാം കക്ഷികളെക്കുറിച്ചും ഒരോ പ്ലാറ്റ്ഫോമിലും ഡാറ്റ എങ്ങനെ പങ്കിടുന്നു എന്നതിനെക്കുറിച്ചും കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കുമെന്നുമാണ് വിവരം. അതേസമയം മെറ്റ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് തുടരാന്‍ പുതിയ അപ്ഡേറ്റ് സ്വീകരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.