യുദ്ധം രൂക്ഷമായ യുക്രൈനിലേക്ക് നാല് അത്യാധുനിക ആംബുലൻസുകൾ കൂടി അയച്ച് ഫ്രാൻസിസ് മാർപാപ്പ. യുദ്ധക്കെടുതികളാൽ വലയുന്ന ജനങ്ങളോടുള്ള തന്റെ കരുതലിന്റെയും ഐക്യദാർഢ്യത്തിന്റെയും ഭാഗമായി കർദിനാൾ കോൺറാഡ് ക്രാജെവ്സ്കി വഴിയാണ് പാപ്പ ഈ ആംബുലൻസുകൾ യുക്രൈനിൽ എത്തിക്കുക.
ജീവൻ രക്ഷിക്കാൻ ആവശ്യമായ എല്ലാ മെഡിക്കൽ ഉപകരണങ്ങളും ഉൾക്കൊള്ളുന്ന നാല് ആംബുലൻസുകളുമായാണ് കർദിനാൾ ക്രാജെവ്സ്കി യുക്രൈനിലേക്ക് യാത്ര തിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി തവണ കർദിനാൾ ക്രാജെവ്സ്കി യുക്രൈൻ സന്ദർശിക്കുകയും സഹായങ്ങൾ എത്തിക്കുകയും ചെയ്തിട്ടുണ്ട്. യുക്രൈനിലെ യുദ്ധം മൂന്നാം വർഷത്തിലേക്കു കടക്കുന്ന സാഹചര്യത്തിൽ മാർപാപ്പയുടെ ഈ നടപടി ദുരിതമനുഭവിക്കുന്നവർക്ക് പ്രത്യാശയുടെ അനുഭവമാകും.
കർദിനാൾ ക്രാജെവ്സ്കി യുക്രൈനിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയും യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവരുമായി സംവദിക്കുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യും. മാർപാപ്പയുടെ സ്നേഹവും പിന്തുണയും അറിയിക്കുക എന്നതാണ് അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.