ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങളിലേക്ക് മിസൈലുകള്‍ ഉള്‍പ്പെടെ മാരക പ്രഹരശേഷിയുള്ള സൈനികോപകരണങ്ങള്‍ കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കാനൊരുങ്ങി ജപ്പാന്‍. പ്രതിരോധ നിര്‍മാണരംഗത്ത് ഇന്ത്യ-ജപ്പാന്‍ ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. സൈനികോപകരണ കയറ്റുമതിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ 2023 മാര്‍ച്ച് മാസത്തോടെ ജപ്പാന്‍ ഇളവു വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഓസ്ട്രേലിയ, യൂറോപ്യന്‍- ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കും ജപ്പാന്‍ ആയുധങ്ങള്‍ കയറ്റുമതി ചെയ്യും. സൈനികോപകരണ കയറ്റുമതിക്ക് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ 2014-ല്‍ ജപ്പാന്‍ ലഘൂകരിച്ചിരുന്നു. എങ്കിലും മാരക പ്രഹരശേഷിയുള്ള സൈനികോപകരണ കയറ്റുമതിക്ക് ഇപ്പോഴും അനുമതിയില്ല.
ടോക്കിയോയില്‍ നടന്ന ക്വാഡ് ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ജപ്പാന്റെ ഭാഗത്തുനിന്ന് ഈ നിര്‍ണായക തീരുമാനം ഉണ്ടായിരിക്കുന്നത്. സുരക്ഷ, സൈനികോപകരണ നിര്‍മാണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലപ്പെടുത്താന്‍ നേതാക്കള്‍ കൂടിക്കാഴ്ചയില്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.