തായ്‌ലൻഡിലെ ഏറ്റവും പ്രിയപ്പെട്ട വേനൽക്കാല വിഭവങ്ങളിലൊന്നാണ് മാംഗോ സ്റ്റിക്കി റൈസ്. മാംഗോ സ്റ്റിക്കി റൈസ് അല്ലെങ്കിൽ തായ് ഭാഷയിൽ ‘ഖാവോ നിയാവോ മാമുവാങ്’ എന്നാണ് ഇത് അറിയപ്പെടുന്നത്. തായ്‌ലൻഡിലെ തെരുവുകളിലൂടെയുള്ള യാത്രകളിലെവിടെയും മാംഗോ സ്റ്റിക്കി റൈസിന്റെ മധുരമൂറുന്ന മണമാണ് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്.
എന്താണ് മാംഗോ സ്റ്റിക്കി റൈസ്
നല്ല പഴുത്ത മാങ്ങയും ക്രീമിയായ തേങ്ങാപ്പാലും ഗ്ലൂട്ടിനസ് റൈസ് അഥവാ ചോറും ചേർത്താണ് മധുരമൂറുന്ന ഈ വിഭവം തയ്യാറാക്കുന്നത്. ഒരു പരമ്പരാഗത തെക്കുകിഴക്കൻ ഏഷ്യൻ, ദക്ഷിണേഷ്യൻ മധുരപലഹാരമാണിത്. തായ്‌ലൻഡിലെ നാം ഡോക് മായ് (പുഷ്പത്തിന്റെ വെള്ളം) എന്ന ഇനം മാമ്പഴമാണ് ഈ വിഭവത്തിന് ഏറ്റവും യോജിക്കുന്ന മാമ്പഴം. കാരണം, അവയ്ക്ക് നല്ല മധുരവും രുചിയും മൃദുവായ ഘടനയും ഉണ്ടെന്നതാണ്. ചാച്ചിയോൺസിയോ പ്രവിശ്യയിലെ ബങ്ഖ്ല ജില്ലയിലാണ് ഏറ്റവും മികച്ച നാം ഡോക് മായ് മാമ്പഴങ്ങളിൽ ചിലത് കാണപ്പെടുന്നത്.
മാംഗോ സ്റ്റിക്കി റൈസിന്റെ ചെറിയ ചരിത്രം
ചുലലോങ്‌കോൺ രാജാവിന്റെ ഭരണകാലത്ത്, പഴുത്ത മാമ്പഴത്തോടൊപ്പം ഖാവോ നിയാവോ മൂൺ കഴിച്ചിരുന്നു. മാമ്പഴ സ്റ്റിക്കി റൈസ് തായ്‌ലൻഡിൽ നിന്നാണ് ഉദ്ഭവിച്ചതെന്നു പറയപ്പെടുന്നുണ്ടെങ്കിലും ഇത് മറ്റ് പല തെക്കുകിഴക്കൻ, ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. ആ നാടുകളിലെ പ്രിയപ്പെട്ട മധുരപലഹാരമായി ഇതിനെ കണക്കാക്കുന്നു.
മാമ്പഴ സ്റ്റിക്കി റൈസിന്റെ ആദ്യകാല ചരിത്രം ‘അയുത്തയ’ കാലഘട്ടത്തിന്റെ അവസാനത്തിൽ (1351-1767) ആരംഭിച്ച് രാമൻ രണ്ടാമൻ രാജാവിന്റെ ഭരണകാലം വരെ തുടരുന്നു എന്നാണ് പറയപ്പെടുന്നത്. പരമ്പരാഗത തായ് ഭക്ഷണ പാചക കുറിപ്പുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തിൽ എത്തിയിരിക്കുന്നത്. രാമൻ അഞ്ചാമന്റെ ഭരണകാലത്തെ പാചക കുറിപ്പുകളിൽ ഖാവോ ന്യൂ മൂൺ (തേങ്ങാപ്പാലിൽ ആവിയിൽ വേവിച്ച സ്റ്റിക്കി റൈസ്) പഴങ്ങൾക്കൊപ്പം മധുരമുള്ള മാമ്പഴവും ചേർത്തുതുടങ്ങി. ചിലയിടങ്ങളിൽ സ്റ്റിക്കി റൈസിന്റെ ഉദ്ഭവം വടക്കുകിഴക്കൻ പ്രദേശങ്ങളിലോ, തായ്‌ലൻഡിന്റെ ഭാഗമായ ഇസാൻ എന്ന സ്ഥലത്തോ ആണെന്ന് പറയപ്പെടുന്നുണ്ട്.
ജനപ്രിയ ഭക്ഷണം
മാംഗോ സ്റ്റിക്കി റൈസ് ഒരു ജനപ്രിയ തെരുവ് ഭക്ഷണമാണെങ്കിലും രാജ്യത്തുടനീളമുള്ള ഫൈവ് സ്റ്റാർ റെസ്റ്റോറന്റുകളിലെ ഡെസേർട്ട് മെനുകളിൽ ഇത് മുഖ്യ ഇനമാണ്. മാംഗോ സ്റ്റിക്കി റൈസ് ഒരു പ്രിയപ്പെട്ട മധുരപലഹാരമായതിനാൽ തന്നെ പ്രത്യേകിച്ച് വേനൽക്കാലത്ത്, തായ്‌ലൻഡുകാർക്കും അന്താരാഷ്ട്ര സന്ദർശകർക്കും ഇത് വളരെ പ്രധാനപ്പെട്ടതാകുന്നു. ലോകത്തിലെ ഏറ്റവും മികച്ച റൈസ് പുഡ്ഡിംഗുകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. 2024 ൽ, ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ റൈസ് പുഡ്ഡിംഗായി ടേസ്റ്റ്അറ്റ്ലസ് മാംഗോ സ്റ്റിക്കി റൈസിനെ റാങ്ക് ചെയ്തിരുന്നു.