ബ്രസീലിൽ രക്തസാക്ഷിത്വം വരിച്ച മിഷനറി വൈദികൻ ഫാ. നസറേനോ ലാൻസിയോട്ടി, കേരളത്തിൽ നിന്നുള്ള മദർ ഏലീശ്വാ വാകയിൽ എന്നിവരെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന് ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകി. ‘ദൈവത്തിന്റെ വാസ്തുശിൽപി’ എന്നറിയപ്പെടുന്ന സ്പെയിനിൽ നിന്നുള്ള ആന്റണി ഗൗഡി ഉൾപ്പെടെ മൂന്ന് രൂപതാവൈദികരെ ധന്യരായി പ്രഖ്യാപിക്കുന്നതിനും അംഗീകാരം ലഭിച്ചു.
മദർ ഏലീശ്വാ വാകയിൽ
മദർ ഏലീശ്വാ 2008 മെയ് മാസം 31 ന് ദൈവദാസിയായി പ്രഖ്യാപിക്കപ്പെട്ടു. ഓച്ചന്തുരുത്ത് വൈപ്പിശേരി തറവാട്ടിലെ ക്യാപ്റ്റൻ തൊമ്മൻ-താണ്ട ദമ്പതികളുടെ എട്ടുമക്കളിൽ ആദ്യസന്താനമായി 1831 ഒക്‌ടോബർ 15 നാണ് മദർ ഏലീശ്വ ജനിച്ചത്. ചെറിയ കുട്ടിയായിരിക്കുമ്പോൾതന്നെ ഭക്തിയും പാവങ്ങളോട് സഹാനുഭൂതിയും ഉള്ളവളായിരുന്നു ഏലീശ്വാ. പതിനാറാം വയസ്സിൽ കൂനമ്മാവിലെ വാകയിൽ എന്ന തറവാട്ടിലെ വറീത് എന്ന ആളുമായി ഏലീശ്വയുടെ വിവാഹം നടന്നു. ഇവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. കുഞ്ഞിന് അന്ന എന്നു പേരിട്ടു. എന്നാൽ ഒന്നര വർഷത്തിനുശേഷം വറീത് രോഗം ബാധിച്ച് കിടപ്പിലാവുകയും താമസിയാതെ മരണപ്പെടുകയും ചെയ്തു. ഒരു രണ്ടാം വിവാഹത്തിന് വിസമ്മതിച്ച ഏലീശ്വാ, ഏകാന്തതയിലും ദീർഘനേരത്തെ പ്രാർഥനകളിലും വീടിനടുത്തുള്ള പാവങ്ങളെ സഹായിക്കുന്നതിലും ആശ്വാസം കണ്ടെത്തി. ജീവിതം ദൈവത്തിനും ആത്മീയതയ്ക്കുമായി ഉഴിഞ്ഞുവയ്ക്കാൻ അവൾ ആഗ്രഹിച്ചു. ഇങ്ങനെ പത്തുവർഷം കടന്നുപോയി.
സന്യാസിനീ സമൂഹത്തിന്റെ ആരംഭം
ഏലീശ്വായുടെ ഭക്തിയിലും സേവനജീവിതത്തിലും ആകൃഷ്ടരായ മകൾ അന്നയും ഏലീശ്വായുടെ സഹോദരി ത്രേസ്യയും ഏലീശ്വായുടെ പാത പിന്തുടർന്ന് ആത്മീയജീവിതം നയിക്കാൻ ആഗ്രഹിച്ചു. ഇറ്റാലിയൻ വൈദികനായ റവ. ഫാ. ലിയോപോൾഡ് ഒ സി ഡി ആയിരുന്നു അക്കാലത്ത് അവിടുത്തെ പള്ളിവികാരി. ഏലിശ്വ ഫാ. ലിയോപോൾഡിനോട് സന്യാസജീവിതം നയിക്കാനുള്ള തന്റെ ആഗ്രഹത്തെപ്പറ്റി വെളിപ്പെടുത്തുകയും അദ്ദേഹം ഈ വിഷയം അന്നത്തെ വരാപ്പുഴ മെത്രാനായിരുന്ന ബെർണ്ണാദിനേ ബാച്ചിനെല്ലിയെ അറിയിക്കുകയും ചെയ്തു. 1862 ലായിരുന്നു ഇത്.
മൂന്നുപേരെയും സന്യാസജീവിതത്തിലേക്കു സ്വീകരിക്കാൻ സന്തുഷ്ടനായിരുന്ന മെത്രാൻ, ഏലിശ്വയുടെ പുരയിടത്തിൽ മുളകൊണ്ട് ഏതാനും മുറികളുള്ള ഒരു ചെറിയ വീട് നിർമ്മിക്കാൻ ഫാ ലിയോപോൾഡിനോട് ആവശ്യപ്പെട്ടു. പുതുതായി രൂപം കൊടുത്ത സന്യാസിനീ സമൂഹത്തിനായി ഒരു ഭരണഘടന മെത്രാൻ തന്നെ ഇറ്റലിയിലെ ജെനോവയിലുള്ള കർമ്മലീത്താ സന്യാസിനി സമൂഹത്തിൽനിന്നു വരുത്തിക്കുകയും കാലാനുസൃതമായി പരിഷ്കാരങ്ങൾ വരുത്തി പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു.
ഇന്ത്യയിലെ സ്ത്രീകളുടെ അവകാശങ്ങൾക്കും അവരുടെ സാമൂഹിക വിമോചനത്തിനും വേണ്ടി പോരാടിയ മദർ ഏലീശ്വാ 1913 ജൂലൈ 18 ന് വരാപ്പുഴയിൽ അന്തരിച്ചു. മദർ സ്ഥാപിച്ച സ്ത്രീകൾക്കായുള്ള നിഷ്പാദുക കർമ്മലീത്താ മൂന്നാം സഭയിലെ അംഗങ്ങൾ നിലവിൽ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലായി 200 ലധികം ഭവനങ്ങളിലായി 1,500 സന്യാസിനിമാർ ശുശ്രൂഷ ചെയ്യുന്നു.
ദൈവദാസനായ ഫാ. നസറേനോ ലാൻസിയോട്ടി
2001 ഫെബ്രുവരി 22 ന് ബ്രസീലിലെ സാവോ പോളോയിൽ വിശ്വാസത്തെപ്രതി കൊല്ലപ്പെട്ട മിഷനറി പുരോഹിതനായ ദൈവദാസനായ നസറേനോ ലാൻസിയോട്ടിയുടെ രക്തസാക്ഷിത്വത്തിനാണ് മാർപാപ്പ അംഗീകാരം നൽകിയത്. 1940 മാർച്ച് മൂന്നിന് റോമിൽ ജനിച്ച ഈ പുരോഹിതൻ ഇറ്റലിയിലെ പരിശീലനത്തിനുശേഷം, വിദൂര ജൗറു രൂപതയിൽ ഒരു മിഷനറിയായി ബ്രസീലിലേക്കു പോകാൻ തീരുമാനിച്ചു. അവിടെ 30 വർഷത്തോളം സേവനമനുഷ്ഠിച്ചു. ഈ സമയത്ത് ഗർഭിണികളെയും പ്രായമായവരെയും വികലാംഗരെയും പരിചരിക്കുന്നതിനായി അവർ നിരവധി കേന്ദ്രങ്ങൾ സ്ഥാപിച്ചു. അഴിമതി ഇല്ലാതാക്കാനും അദ്ദേഹം പ്രവർത്തിച്ചു.
മുഖമൂടി ധരിച്ച രണ്ടു പുരുഷന്മാർ അദ്ദേഹത്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറുകയും അവരിലൊരാൾ അദ്ദേഹത്തിന്റെ തലയ്ക്കുനേരെ വെടിയുതിർക്കുകയും ചെയ്തു. തന്നെ ആക്രമിച്ച കൊലയാളികളോടു ക്ഷമിച്ച അദ്ദേഹം ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്.
മൂന്നുപേർ ധന്യപദവിയിൽ
‘ദൈവത്തിന്റെ വാസ്തുശിൽപി’ എന്നറിയപ്പെടുന്ന സ്പെയിനിൽ നിന്നുള്ള ആന്റണി ഗൗഡി ഉൾപ്പെടെ മൂന്ന് രൂപതാവൈദികരെ ധന്യരായി പ്രഖ്യാപിക്കുന്നതിനും അംഗീകാരം ലഭിച്ചു. ഇവരിലൊരാൾ രൂപതാ വൈദികനായ ഫാ. അഗോസ്റ്റിനോ കൊസോലിനോ ആണ്. 1928 ഒക്ടോബർ 16 ന് റെസിനയിൽ (ഇപ്പോൾ ഇറ്റലിയിലെ എർകോളാനോ) ജനിച്ച കൊസോലിനോ 1988 നവംബർ രണ്ടിന് ഇറ്റലിയിലെ നേപ്പിൾസിൽ അന്തരിച്ചു.
രൂപതാ വൈദികനായ ഫാ. പിയട്രോ ജ്യൂസെപ്പെ ട്രീസ്റ്റും ധന്യപദവിയിലേക്ക് ഉയർത്തപ്പെടുന്നതിന് മാർപാപ്പ അംഗീകാരം നൽകി. ഫാ. ട്രീസ്റ്റ് 1760 ഓഗസ്റ്റ് 31 ന് ബെൽജിയത്തിലെ ബ്രസ്സൽസിൽ ജനിച്ച അദ്ദേഹം 1836 ജൂൺ 24 ന് ബെൽജിയത്തിലെ ഗെന്റിൽ മരിച്ചു.
സെന്റ് കാതറിൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ ഇറ്റാലിയൻ പുരോഹിതൻ ഫാ. ആഞ്ചലോ ബുഗെറ്റിയാണ് ധന്യപദവിയിലേക്ക് ഉയർത്തപ്പെടുന്നതിന് അംഗീകാരം ലഭിച്ച മറ്റൊരു വ്യക്തി. 1877 ഓഗസ്റ്റ് 27 ന് ഇമോളയിൽ (ഇറ്റലി) ജനിച്ചു. 1935 ഏപ്രിൽ അഞ്ചിന് ബൊളോഞ്ഞയിൽ (ഇറ്റലി) അന്തരിച്ചു.