ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട രാജ്യങ്ങളിലൊന്നായ പസഫിക് പറുദീസയായ ടുവാലുവിന് ആദ്യ എ ടി എമ്മുകൾ ലഭ്യമായി. ഓസ്ട്രേലിയയ്ക്കും ഹവായിക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ഈ രാജ്യം വളരെ ഒറ്റപ്പെട്ടതായതിനാൽ തദ്ദേശീയരോ, സന്ദർശകരോ ആയവർക്ക് എല്ലാ ഇടപാടുകളും പണമായി മാത്രമേ നടത്താൻ പറ്റുമായിരുന്നുള്ളൂ. ഇവിടേക്കാണ് ആദ്യത്തെ എ ടി എം എത്തുന്നത്.
ചുറ്റും ധാരാളം വിദേശമത്സ്യങ്ങളും വർണ്ണാഭമായ പവിഴപ്പുറ്റുകളും കൊണ്ട് സമ്പന്നമായ ഇടമാണ് ഇത്. വലിയ ആഘോഷമായാണ് ഏപ്രിൽ 15 ന് ഇവിടെ ആദ്യ എ ടി മ്മുകൾ അനാച്ഛാദനം ചെയ്തത്.
രാജ്യത്തെ പ്രധാന ദ്വീപായ ഫ്യൂനാഫുട്ടിയിലെ എ ടി എമ്മുകളിൽ ഒന്നിനു മുന്നിൽ ഉദ്യോഗസ്ഥർ ഒത്തുകൂടി. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി ഫെലെറ്റി ടിയോ, ‘സുപ്രധാന നാഴികക്കല്ല്’ എന്നാണ് ഇതിനെ പ്രശംസിച്ചുകൊണ്ടു പറഞ്ഞത്. പ്രാദേശിക വിശിഷ്ടാതിഥികൾക്കൊപ്പം ഒരു വലിയ ചോക്ലേറ്റ് കേക്ക് മുറിച്ചുകൊണ്ട് പുതിയ മെഷീനുകൾ അദ്ദേഹം രാജ്യത്തിനു സമ്മാനിക്കുകയായിരുന്നു.
ജനസംഖ്യ 11,200 മാത്രമുള്ള ടുവാലുവിലെ ജനങ്ങളുടെ സാമ്പത്തിക ശാക്തീകരണത്തിനുള്ള വാതിലുകൾ തുറക്കുന്ന മഹത്തായ ഒരു നേട്ടമാണ് ഇതെന്നാണ് ഈ മെഷീനുകൾ പ്രവർത്തിപ്പിക്കുന്ന നാഷണൽ ബാങ്ക് ഓഫ് ടുവാലുവിന്റെ ജനറൽ മാനേജർ സിയോസ് ടിയോ പറഞ്ഞത്.