ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ ബോട്ട് തീപിടിച്ച് മുങ്ങി ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 148 ആയി. നൂറിലധികം പേരെ ഇപ്പോഴും കാണാനില്ലെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള കോംഗോ നദിയിൽ തീപിടിച്ചതിനെ തുടർന്ന് മരബോട്ട് മറിഞ്ഞത്. അതിൽ ഏകദേശം 500 യാത്രക്കാർ ഉണ്ടായിരുന്നു.
ഒരാൾ ഈ ബോട്ടിൽ പാചകം ചെയ്യുന്നതിനിടെ തീ പടർന്നതോടെയാണ് ദുരന്തം സംഭവിച്ചതെന്ന് നദി കമ്മീഷണർ കോംപെറ്റന്റ് ലോയോക്കോ പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി യാത്രക്കാർ നീന്താൻ കഴിയാതെ വെള്ളത്തിലേക്കു ചാടുകയായിരുന്നു.
ഡസൻ കണക്കിന് ആളുകളെ രക്ഷപെടുത്തിയെങ്കിലും അതിജീവിച്ചവരിൽ പലർക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. റെഡ് ക്രോസിന്റെയും പ്രവിശ്യാ അധികൃതരുടെയും പിന്തുണയോടെ രക്ഷാപ്രവർത്തകർ കാണാതായവർക്കായുള്ള തിരച്ചിലിൽ നടത്തി.