അഫ്ഗാൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് അന്താരാഷ്ട്ര മത്സരങ്ങളിൽ വീണ്ടും പങ്കെടുക്കാനുള്ള സൗകര്യമൊരുക്കി ഐ സി സി. അവർക്കായി ഉയർന്ന തലത്തിലുള്ള പിന്തുണ ലഭ്യമാക്കുന്നതോടൊപ്പം കായികലോക ഭരണസമിതിയുടെ നേരിട്ടുള്ള ധനസഹായം, എലൈറ്റ് പരിശീലനം, സ്ഥലംമാറ്റപ്പെട്ട കളിക്കാർക്ക് സൗകര്യങ്ങൾ എന്നിവ ഏകോപിപ്പിക്കുന്നതിനായി ഒരു ടാസ്‌ക്ഫോഴ്‌സും സൃഷ്ടിച്ചിട്ടുണ്ട്.
2021 ൽ താലിബാൻ രാജ്യത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുകയും വനിതാ കായികയിനങ്ങളിൽ വിലക്കുകൾ ഏർപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് അഫ്ഗാനിസ്ഥാന്റെ ദേശീയ വനിതാ ടീമിലെ ഡസൻകണക്കിന് കളിക്കാരാണ് ഓസ്‌ട്രേലിയയിലേക്ക് താമസം മാറിയത്. അന്നുമുതൽ കളിക്കാർ ഔദ്യോഗിക പിന്തുണ തേടുകയായിരുന്നു. അതേസമയം നാടുകടത്തപ്പെട്ട അഫ്ഗാൻ വനിതാ കളിക്കാരെ പിന്തുണയ്ക്കുന്നതിനായി ഓസ്‌ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ കായിക ദേശീയ അസോസിയേഷനുകളുമായി ധാരണയിലെത്തിയതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഒരു പ്രസ്താവനയിൽ അറിയിച്ചു.
“ഈ സപ്പോർട്ട് ഫണ്ട് അഫ്ഗാൻ വനിതാ ക്രിക്കറ്റ് താരങ്ങളുടെ കായികജീവിതം സംരക്ഷിക്കാൻ സഹായിക്കുക മാത്രമല്ല ചെയ്യുന്നത്. അതിർത്തികളെയും പ്രതികൂല സാഹചര്യങ്ങളെയും മറികടക്കുന്ന ഒരു ഏകീകൃതശക്തിയെന്ന നിലയിൽ കായികരംഗത്തിന്റെ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ഐ സി സി വിശ്വസിക്കുന്നു” – ഐ സി സി ചെയർമാൻ ജയ് ഷാ പറഞ്ഞു.