രണ്ടു മാസത്തിനുള്ളിൽ കോംഗോയും റുവാണ്ടയും വൈറ്റ് ഹൗസിൽ ഒരു സമാധാന കരാറിൽ ഒപ്പുവയ്ക്കണമെന്ന് സമ്മർദം ചെലുത്തി അമേരിക്ക. അതോടൊപ്പം ഈ മേഖലയിലേക്ക് കോടിക്കണക്കിനു ഡോളറിന്റെ പാശ്ചാത്യനിക്ഷേപം കൊണ്ടുവരുന്ന ധാതുക്കൾ സംബന്ധിച്ച ഉഭയകക്ഷി കരാറുകൾക്കും യു എസ് സമ്മർദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്.
“നമ്മൾ സമാധാന കരാറിൽ ഒപ്പുവയ്ക്കുന്ന അന്നുതന്നെ, ഡി ആർ സി യുമായി (ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) ധാതുക്കൾ സംബന്ധിച്ച ഇടപാട് നടത്തുന്ന കരാറിൽ ഒപ്പുവയ്ക്കും. തുടർന്ന് സമാനമായ, എന്നാൽ വ്യത്യസ്തമായ ഒരു പാക്കേജ് ആ ദിവസം റുവാണ്ടയുമായി ഒപ്പുവയ്ക്കപ്പെടും” എന്ന് ഖത്തർ തലസ്ഥാനമായ ദോഹയിൽ ഒരു അഭിമുഖത്തിൽ മസാദ് ബൗലോസ് പറഞ്ഞു.
ടാന്റലം, സ്വർണ്ണം എന്നിവയുൾപ്പെടെയുള്ള ധാതുക്കളാൽ സമ്പന്നമായ ഒരു പ്രദേശത്ത് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സംഘർഷത്തിനിടെ കോംഗോയിൽ റുവാണ്ടൻ പിന്തുണയുള്ള എം 23 വിമതർ നടത്തുന്ന അഭൂതപൂർവമായ മുന്നേറ്റത്തിനിടയിലാണ് യു എസ് പിന്തുണയുള്ള സമാധാന ഉടമ്പടിക്ക് ശ്രമം നടക്കുന്നത്. കിഴക്കൻ കോംഗോയിലെ അക്രമം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ആഴ്ച വാഷിംഗ്ടണിൽ ധാരണയായ സമാധാന പ്രക്രിയ പ്രകാരം, റുവാണ്ടയും കോംഗോയും ഒരു സമാധാന കരാറിന്റെ പ്രത്യേക കരടുകൾ സമർപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു.