Thursday, May 15, 2025

ജെറുസലേം കുന്നുകളിലെ കാട്ടുതീ 30 മണിക്കൂറിനുശേഷം നിയന്ത്രണവിധേയമായി; അഗ്നിശമന സേന വിജയിച്ചതായി ഇസ്രായേൽ

ജെറുസലേമിനു ഭീഷണിയായ കാട്ടുതീ യൂറോപ്പിൽ നിന്ന് സഹായം എത്തിച്ചേർന്നതിനെ തുടർന്ന് 30 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ നിയന്ത്രണവിധേയമായതായി ഇസ്രായേലിന്റെ അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും അറിയിച്ചു. നഗരത്തിനു പുറത്തുള്ള കുന്നുകളിൽ തീപിടുത്തം ആരംഭിച്ചതിനു ശേഷം മൂവായിരം ഏക്കർ വനം ഉൾപ്പെടെ ഏകദേശം അയ്യായിരം ഏക്കർ കത്തിനശിച്ചിരുന്നു.

സ്ഥിതിഗതികൾ വിശകലനം ചെയ്ത പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചുകൊണ്ട് അന്താരാഷ്ട്ര സഹായം അഭ്യർഥിക്കുകയായിരുന്നു. തീപിടിത്തം നിയന്ത്രിക്കാൻ ഗ്രീസ്, സൈപ്രസ്, ക്രൊയേഷ്യ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന വിമാനങ്ങൾ സംഭവസ്ഥലത്തേക്ക് എത്തിച്ചേർന്നിട്ടുണ്ട്. യുക്രൈൻ, സ്പെയിൻ, ഫ്രാൻസ്, മറ്റു ചില രാജ്യങ്ങൾ എന്നിവ സഹായം അയയ്ക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, തീപിടിത്തത്തിനു കാരണക്കാരെന്നു സംശയിച്ച 18 പേരെ അറസ്റ്റ് ചെയ്തതായി നെതന്യാഹു പറഞ്ഞു. കുറഞ്ഞത് ഒരുഡസൻ ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും പത്തുപേർക്ക് മെഡിക്കൽ പ്രൊഫഷണലുകൾ ഫീൽഡിൽ ചികിത്സ നൽകിയതായും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇതുവരെ ഉണ്ടായതിൽവച്ച് ഏറ്റവും വലിയ തീപിടിത്തമാണ് ഇതെന്ന് ജെറുസലേമിലെ ജില്ലാ അഗ്നിശമന വകുപ്പ് കമാൻഡർ ഷ്മുലിക് ഫ്രീഡ്മാൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News