Friday, January 31, 2025

‘ഭരണകൂടം പൊട്ടന്‍ കളിക്കരുത്’; ‘അതിജീവിത’ വിഷയത്തില്‍ സര്‍ക്കാരിനെതിരെ സാറാ ജോസഫ്

‘അതിജീവിത’ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരി സാറാ ജോസഫ്. അഞ്ച് വര്‍ഷമായി ഇവിടെയെന്താ നടക്കുന്നത് എന്ന് ചോദിച്ച സാറാ ജോസഫ്, ഭരണകൂടം പൊട്ടന്‍കളിക്കരുത് എന്നും അഭിപ്രായപ്പെട്ടു. സുരക്ഷയില്ലാത്ത സംസ്ഥാനത്ത് ജീവിക്കുന്നത് ഗതികേടാണെന്നും അവര്‍ പറഞ്ഞു.

എല്ലാവരും ഒത്തുകളിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി ഒറ്റയ്ക്കാണ്. സുപ്രീം കോടതി വരെ മുഖ്യമന്ത്രി അതിജീവിതയുടെ കൂടെയുണ്ടാവണം, ഉണ്ടായേ പറ്റൂ എന്നും സാറാ ജോസഫ് പറഞ്ഞു. തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ സാസ്‌കാരിക കേരളം അതിജീവിതയ്‌ക്കൊപ്പം ഐക്യദാര്‍ഢ്യപരിപാടിയില്‍ സംസാരിക്കുകയായിരുന്നു സാറാ ജോസഫ്.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന ക്രൈംബ്രാഞ്ച് ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ആവശ്യം നിയമപരമാണെന്ന് ഡിജിപി കോടതിയില്‍ പറഞ്ഞു. എന്നാല്‍, തുടരന്വേഷണത്തിന് ഒരു ദിവസം പോലും കൂടുതല്‍ സമയം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട ദിലീപ്, ജുഡീഷ്യറിയെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു. ദൃശ്യങ്ങള്‍ ചോരുമോയെന്ന് ഭയമുണ്ടെന്ന് അതിജീവിത കോടതിയെ അറിയിച്ചിട്ടുണ്ട്.

Latest News