450 കിലോമീറ്റർ ദൂരപരിധിയുള്ള ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി പാകിസ്ഥാൻ അവകാശപ്പെട്ടു. കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന അബ്ദാലി ആയുധ സംവിധാനം ഇന്‍ഡസ് പരിശീലനത്തിന്റെ ഭാഗമായി പരീക്ഷിച്ചതാണെന്നും പാക്കിസ്ഥാൻ പറയുന്നു.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയുമായുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പാകിസ്ഥാൻ മിസൈൽ പരീക്ഷണം നടത്തിയത്. അയൽരാജ്യത്തിന്റെ ഏതൊരു മിസൈൽ പരീക്ഷണത്തെയും ഇന്ത്യ ഗുരുതരമായ പ്രകോപനമായാണ് കാണുന്നതെന്ന് പറഞ്ഞു.
“സൈനികരുടെ പ്രവർത്തന സന്നദ്ധത ഉറപ്പാക്കുകയും മിസൈലിന്റെ നൂതന നാവിഗേഷൻ സംവിധാനം, മെച്ചപ്പെടുത്തിയ സവിശേഷതകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന സാങ്കേതികകൾ പരിശോധിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വിക്ഷേപണം,” -പാകിസ്ഥാൻ സർക്കാർ പറഞ്ഞു. രാജ്യത്തിന്റെ ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനുള്ള സേനകളുടെ പ്രവർത്തന സന്നദ്ധതയിലും സാങ്കേതിക വൈദഗ്ധ്യത്തിലും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും മറ്റ് സൈനിക മേധാവികളും പൂർണ്ണ വിശ്വാസം പ്രകടിപ്പിച്ചതായും വെളിപ്പെടുത്തി.