ഇസ്രായേലിലെ പ്രധാന വിമാനത്താവളത്തിലേക്ക് യെമനിലെ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ ഹൂതികൾക്കും അവരുടെ ഇറാനിയൻ ഭീകരനേതാക്കൾക്കുമെതിരെ തിരിച്ചടിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ബെഞ്ചമിൻ നെതന്യാഹു. “നമ്മൾ തിരഞ്ഞെടുക്കുന്ന സമയത്തും സ്ഥലത്തും ഇസ്രായേൽ ഹൂതി ആക്രമണത്തിന് മറുപടി നൽകും” – സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു.
മുൻകാലങ്ങളിൽ ഹൂതികൾക്കെതിരെ ഇസ്രായേൽ പ്രവർത്തിച്ചിട്ടുണ്ടെന്നും ഭാവിയിൽ വീണ്ടും പ്രവർത്തിക്കുമെന്നും ടെലഗ്രാമിൽ നെതന്യാഹു പറഞ്ഞു. ഒറ്റ സ്ഫോടനത്തിൽ ഇത് സംഭവിക്കില്ലെന്നും നിരവധി സ്ഫോടനങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പായി അദ്ദേഹം പറഞ്ഞു. അതേസമയം, ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിനുനേരെ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാന്റെ പിന്തുണയുള്ള ഹൂതികൾ ഏറ്റെടുത്തു. യെമനിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചതെന്ന് ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.
സ്ഫോടനത്തിൽ നാലുപേർക്ക് പരിക്കേറ്റു. മറ്റ് രണ്ടുപേർക്ക് ഷെൽട്ടറിലേക്കു പോകുന്നതിനിടെയും പരിക്കുപറ്റിയിരുന്നു. എന്നാൽ ആരുടേയും പരിക്ക് ഗുരുതരമല്ലെന്നും റിപ്പോർട്ടുണ്ട്.