ആധുനിക കാലഘട്ടത്തിലെ ഏറ്റവും അദ്ഭുതകരമായ പുരാവസ്തു കണ്ടെത്തലുകളിലൊന്നായ, ബുദ്ധന്റെ ഭൗതികാവശിഷ്ടങ്ങളുമായി ബന്ധപ്പെട്ട്, അമൂല്യരത്നങ്ങളുടെ ഒരു ശേഖരം ഹോങ്കോങ്ങിലെ സോത്ത്ബീസിൽ ലേലത്തിനു വയ്ക്കും. 1898 ൽ വടക്കേ ഇന്ത്യയിലെ ഒരു കുന്നിൽനിന്നു കുഴിച്ചെടുത്ത ഈ അവശിഷ്ടങ്ങൾ ഒരുനൂറ്റാണ്ടിലേറെയായി ഒരു സ്വകാര്യ ബ്രിട്ടീഷ് ശേഖരത്തിന്റെ കീഴിലാണ്.
അവ ഏകദേശം 1800 മുത്തുകൾ, മാണിക്യങ്ങൾ, ടോപസ്, നീലക്കല്ലുകൾ, പാറ്റേൺ ചെയ്ത സ്വർണ്ണഷീറ്റുകൾ എന്നിവയുടെ ഒരു ശേഖരത്തിൽ നിന്നാണ് വരുന്നത്. ഇന്ത്യയിൽ ഉത്തർപ്രദേശിലെ ബുദ്ധന്റെ ജന്മസ്ഥലത്തിനടുത്തുള്ള ഒരു ഇഷ്ടിക അറയ്ക്കുള്ളിലാണ് ആദ്യമായി ഇത് കണ്ടെത്തുന്നത്. അസ്ഥിശകലങ്ങൾക്കൊപ്പം ബുദ്ധന്റേതാണെന്ന് ലിഖിതരൂപത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു കലശവും തിരിച്ചറിഞ്ഞതോടെ പുരാവസ്തുവിന്റെ ഈ കണ്ടെത്തൽ ലോകമെമ്പാടും അറിയപ്പെട്ടു.
ഇത് എക്കാലത്തെയും ഏറ്റവും അസാധാരണമായ പുരാവസ്തു കണ്ടെത്തലുകളിൽ ഒന്നാണെന്നാണ് സോത്ത്ബീസ് ഏഷ്യയുടെ ചെയർമാനും ഏഷ്യൻ ആർട്ടിന്റെ ലോകവ്യാപക തലവനുമായ നിക്കോളാസ് ചൗ വിശ്വസിക്കുന്നത്. എന്നാൽ ഇന്ത്യയുടെ പവിത്രമായ ഭൂതകാലവുമായി ഇത്രയധികം ഇഴചേർന്ന നിധികളുടെ വിൽപന ധാർമ്മികമായി കണക്കാക്കാമോ എന്നും വിദഗ്ധർ ചോദിക്കുന്നു.