Wednesday, May 14, 2025

ഡ്രോൺ ആക്രമണത്തെ തുടർന്ന് മോസ്കോയിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചതായി റഷ്യ

തുടർച്ചയായ രണ്ടാം രാത്രിയും മോസ്കോയെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യ. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായി തലസ്ഥാനത്തെ നാല് പ്രധാന വിമാനത്താവളങ്ങളും താൽക്കാലികമായി അടച്ചിട്ടതായി റഷ്യയുടെ വ്യോമയാന നിരീക്ഷണ ഏജൻസിയായ റോസാവിയറ്റ്സിയ അറിയിച്ചു. നഗരത്തിൽ എത്തുന്നതിനുമുൻപ് വ്യത്യസ്തദിശകളിൽ നിന്ന് 19 യുക്രേനിയൻ ഡ്രോണുകളെങ്കിലും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് മോസ്കോ മേയർ സെർജി സോബിയാനിൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. നഗരത്തിലേക്കുള്ള പ്രധാന ഹൈവേകളിലൊന്നിൽ ഡ്രോണിന്റെ ചില അവശിഷ്ടങ്ങൾ പതിച്ചെങ്കിലും ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തെക്കുറിച്ച് യുക്രൈൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, മോസ്കോയ്ക്കു പുറമെ പെൻസ, വൊറോനെഷ് എന്നിവയുൾപ്പെടെയുള്ള മറ്റു റഷ്യൻ നഗരങ്ങളിലെ ഗവർണർമാരും ഡ്രോൺ ആക്രമണം നടന്നതായി പറഞ്ഞു. മോസ്കോയുടെ തെക്കുഭാഗത്തുള്ള ഒരു അപ്പാർട്ട്മെന്റിന്റെ ജനാലകൾ തകർന്നതായി റഷ്യൻ സൈനിക ബ്ലോഗർമാരുടെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

തുടർച്ചയായ രണ്ടാം രാത്രിയാണ് യുക്രൈന്റെ ഡ്രോൺ ആക്രമണത്തെക്കുറിച്ച് റഷ്യ പറയുന്നത്. മൂന്നുവർഷങ്ങൾക്കു മുൻപ് റഷ്യ യുക്രൈനെ പൂർണ്ണമായി ആക്രമിച്ചതിനുശേഷം, കീവ് മോസ്കോയിൽ നിരവധി ഡ്രോൺ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. മാർച്ചിൽ നടന്ന ഏറ്റവും വലിയ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News